Skip to main content

ദേശീയ സരസ് മേളയില്‍ കര്‍മ്മനിരതരായി ഹരിത കര്‍മസേന

സരസ് മേളയുടെ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ മേളയുടെ ഭംഗിയായ നടത്തിപ്പിന് കര്‍മ്മനിരതരാണ് ആന്തൂര്‍ നഗരസഭയിലെ ഭൂമിക ഹരിത കര്‍മ്മ സേനാംഗങ്ങള്‍.  മേള നഗരിയും പരിസരവും  വൃത്തിയായി സൂക്ഷിക്കുവാന്‍ ഹരിത കര്‍മ്മ സേനയുടെ കീഴിലുള്ള 28 വനിതകളാണ്് അഹോരാത്രം പ്രയത്‌നിക്കുന്നത്. മേളയുടെ തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍  നിന്നും മാറി കൂട്ടമായിരുന്ന് പ്ലാസ്റ്റിക് കവറുകള്‍ തരം തിരിക്കുകയാണ് അവര്‍. പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണസാധങ്ങളുടെ കവറുകള്‍,  മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇവര്‍ ശേഖരിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങളുടെ മനംമടുപ്പിക്കുന്ന ഗന്ധം തെല്ലും വകവയ്ക്കാതെ തികച്ചും ആത്മാര്‍ത്ഥമായി തങ്ങളുടെ ജോലി സംതൃപ്തിയോടെയും ചുറുചുറുക്കോടെയും നിറവേറ്റുകയാണിവര്‍. രാവിലെ എട്ട്  മണിക്ക് ആരംഭിച്ച്  രാത്രി 8 മണിവരെ നീളുന്ന വിശ്രമമില്ലാത്ത ജോലിയാണ് ഇവരുടേത്. ഒരു വാര്‍ഡില്‍ നിന്നും ഒരാള്‍ എന്ന തോതില്‍ ഇരുപത്തെട്ട് വാര്‍ഡുകളില്‍ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്.  ഇവരെ പതിനാലുപേര്‍ അടങ്ങുന്ന  രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവരുടെ സേവനം.  പാലക്കാടുള്ള ഐആര്‍ടിസിയില്‍ നിന്ന് നാലു ദിവസത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരാണ് ഇരുപത്തെട്ടു പേരും. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെയും വൈകീട്ട് നാലു മണി മുതല്‍  എട്ട് മണി വരെയുമായി രണ്ട് ഘട്ടങ്ങളിലായാണ് മാലിന്യ സംസ്‌കരണം നടത്തുന്നത്. നാലു പേരടങ്ങുന്ന ഒരു ഗ്രൂപ്പ് മുഴുവന്‍ സമയങ്ങളിലും ഇവിടെയുണ്ടാകും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിക്കുക മാത്രമല്ല ഭക്ഷണത്തിന്റെ പാക്കറ്റുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ  ശേഷമാണ് കടമ്പേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ മാലിന്യ സംഭരണ പ്ലാന്റിലേക്ക് കൊണ്ടു പോകുന്നത്. ഇവ പിന്നീട് സോഫ്റ്റ്, ഹാര്‍ഡ് മാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച്  പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന  റീസൈക്ലിങ് ഏജന്‍സിയില്‍ എത്തിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച്  ടാര്‍ നിര്‍മാണത്തിനു വേണ്ടി  ഉപയോഗിക്കുകയും ബാക്കിയുള്ള ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.   പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കിയതിനാല്‍ തന്നെ വിവിധ സ്റ്റാളുകളുകളിലുള്ളവര്‍ മാലിന്യങ്ങള്‍ ശേഖരിച്ച് തങ്ങളെ ഏല്‍പ്പിക്കാറുണ്ടെന്ന് ഹരിതകര്‍മ്മ സേനയുടെ സെക്രട്ടറി ടി വി സുമ  പറഞ്ഞു.
ഹരിതസേന പ്രസിഡണ്ട് ടി വി മഞ്ജു, സെക്രട്ടറി ടി വി സുമ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.   ദിവസേന നിരവധി പേര്‍ സന്ദര്‍ശിക്കുന്ന മേളയും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കി മാറ്റുന്നതിന് ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

date