ഇനി ഞാന്‍ ഒഴുകട്ടെ: ആവേശത്തോടെ നീര്‍ച്ചാലുകളെ വീണ്ടെടുത്ത് നാട്ടുകാര്‍
ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയിലെ നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്‍ സമാപിച്ചു. ഒരു കാലത്ത് നാടിന്റെ ജീവ ജലസ്രോതസുകളായിരുന്ന നദികളില്‍ ഭൂരിഭാഗവും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മലിനീകരണം, മണ്ണിടിച്ചില്‍, തീരം നികത്തല്‍, കൈവഴികള്‍ നികത്തല്‍, അഴുക്ക് ചാലുകള്‍, മലിനജലം ഒഴുക്കല്‍, പുഴയോര കൈയേറ്റം തുടങ്ങി നിരവധി കാരണങ്ങളാല്‍ ഇവ ഗുരുതരസ്ഥിതി നേരിടുകയാണ്. ഈ ഘട്ടത്തില്‍ നദികളെ സംരക്ഷിക്കാനും പരിപാലിക്കാനും സംയുക്ത ജനകീയ സംരംഭവും പ്രവര്‍ത്തനങ്ങളും ആവശ്യമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഹരിതകേരളം മിഷന്‍ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിലൂടെ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഓരോ നീര്‍ച്ചലിനെ പുനരുജ്ജീവിപ്പിച്ചത്.
വേനലിനെ വരവേല്‍ക്കാന്‍ പ്രകൃതി ഒരുങ്ങി നില്‍ക്കുമ്പോള്‍ തെളിനീരൊഴുകാത്ത നിരവധി നീര്‍ച്ചാലുകളില്‍ നീരൊഴുക്ക് സാധ്യമാക്കാന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. 66 നീര്‍ച്ചാലുകളാണ് ജില്ലയില്‍ നിന്നും പുനരുജ്ജീവനത്തിനായി തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തില്‍ 160 ഓളം കിലോമീറ്റര്‍ നീളത്തില്‍ അറുപത് നീര്‍ച്ചാലുകള്‍ ശുചീകരിച്ചു. ബാക്കിയുള്ളവ ജനകീയ പങ്കാളിത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ സാധിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ചേന്നങ്കര - കരിമാളന്‍തോട് നവീകരണ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഏറത്ത്, പള്ളിക്കല്‍, അടൂര്‍ നഗരസഭ, പന്തളം നഗരസഭ എന്നിവിടങ്ങളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും, കവിയൂര്‍, കുറ്റൂര്‍, നിരണം, കടപ്ര, തിരുവല്ല നഗരസഭ എന്നിവിടങ്ങളില്‍ മാത്യു.റ്റി.തോമസ് എംഎല്‍എയും, ഓമല്ലൂര്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, കുളനട ഗ്രാമപഞ്ചായത്തുകളില്‍ വീണാ ജോര്‍ജ് എംഎല്‍എയും, കൊറ്റനാട്, അയിരൂര്‍, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തുകളില്‍ രാജു എബ്രഹാം എംഎല്‍എയും, ചിറ്റാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ കെ.യു.ജെനീഷ് കുമാര്‍ എംഎല്‍എയും ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരവിപേരൂര്‍, കല്ലൂപ്പാറ, മലയാലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി നീര്‍ച്ചാല്‍ പുനരുജ്ജീവന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
കൂടാതെ സിനിമാ - നാടക രംഗത്തെ പ്രമുഖരായ ദേശീയ പുരസ്‌കാര ജേതാവ് ഡോ.ബിജു, സംസ്ഥാന പുരസ്‌കാര ജേതാവ് തോമ്പില്‍ രാജശേഖരന്‍ എന്നിവരും ഈ യജ്ഞത്തില്‍ പങ്കാളികളായി. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍, മൈനര്‍ ഇറിഗേഷന്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, ഫയര്‍ഫോഴ്സ്, യുവജനക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരുടെ മികച്ച പങ്കാളിത്തത്തോടെ ജില്ലയില്‍ ക്യാമ്പയിന്‍ നടത്തി.
- Log in to post comments