Skip to main content

പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാന്‍ മരങ്ങാട്ടുപിള്ളി

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ച ക്ലീന്‍ മരങ്ങാട്ടുപിള്ളി മൂവ്മെന്റ് സജീവമാകുന്നു.

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൊതുജന പങ്കാളിത്തത്തോടെ  കുറയ്ക്കാനാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 14 വാര്‍ഡുകളില്‍ തുണി സഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്തു.

ജലാശയ സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, ഉറവിട മാലിന്യ സംസ്‌കരണം, ഹരിത സാക്ഷരത എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി പ്രാധാന്യം നല്‍കുന്നത്. ഈ വിഷയങ്ങള്‍ ശുചിത്വ ഗ്രാമസഭകളില്‍ അവതരിപ്പിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനരേഖ തയ്യാറാക്കിയിരിക്കുന്നത്.

പുനരുപയോഗപ്രദമായ സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പൊതുജനങ്ങള്‍ക്കായി പഞ്ചായത്തില്‍ ഉടന്‍  സ്വാപ് ഷോപ്പ്  ആരംഭിക്കും. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ തുമ്പൂര്‍മൂഴി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.

വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേന മുഖേന എല്ലാ മാസവും ശേഖരിക്കുന്നുണ്ട്. ഇത് ഉഴവൂര്‍ ബ്ലോക്കിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിലേക്കാണ് മാറ്റുന്നത്. കുടുംബശ്രീയുടെ സഹകരണവും പദ്ധതിക്കുണ്ട്. എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെ പദ്ധതി വിജയകരമായി നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു പറഞ്ഞു.

date