ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി ഒരു രാജ്യത്തിനും വിജയിക്കാനാവില്ല: മന്ത്രി കെ ടി ജലീല്‍
ന്യൂനപക്ഷങ്ങളെ തടവറകളില്‍ പാര്‍പ്പിച്ചും തരംതാഴ്ത്തിയും ഒരു ഭരണകൂടവും വിജയിച്ചിട്ടില്ലെന്നും അവരെ തിരസ്‌കരിച്ച രാജ്യങ്ങള്‍ പരാജയപ്പെട്ടതാണ് ചരിത്രമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ സമാപന ദിവസം സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
പ്രൊട്ടസ്റ്റന്റ് ന്യൂനപക്ഷങ്ങളെ പുറത്താക്കിയത് ഫ്രാന്‍സിന്റെ പതനത്തിന് വഴിയൊരുക്കിയതായി ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതരെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്തിരുന്നില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സാമ്പത്തിക ശക്തിയായി ജര്‍മനി മാറിയേനെ. മുസ്ലിം ന്യൂനപക്ഷത്തെ പുറത്താക്കിയ ശേഷമുള്ള സ്‌പെയിന്‍ അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും എടുത്തെറിയപ്പെടുകയായിരുന്നു. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ന്യൂനപക്ഷങ്ങളെന്നത് ചരിത്ര വസ്തുതയാണ്. ഇന്ത്യാ രാജ്യത്തെയും സ്ഥിതി മറിച്ചല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഓരോ മതവും സമൂഹവും മറ്റു മതങ്ങളെയും സമൂഹങ്ങളെയും ആകര്‍ഷകവും തിളക്കമുള്ളതുമായി മാറ്റിയതാണ് ചരിത്രം. വൈജാത്യങ്ങള്‍ക്കിടയിലെ ഈ ഐക്യം ഇന്ത്യയുടെ മാത്രം സവിശേഷതയാണ്. ജനാധിപത്യ-മതേതര സങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമായി ഒരു മതരാജ്യമായി ഇന്ത്യ മാറിയാല്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും മറ്റും പേരിലുള്ള ഒടുങ്ങാത്ത സംഘര്‍ഷങ്ങളാല്‍ അസ്വസ്ഥമാവുകയാവും ഫലം.
ഭരണഘടനാ തത്വങ്ങളെ അട്ടിമറിച്ച് രാജ്യത്ത് പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്ന ധൃതിപിടിച്ച ശ്രമങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ നടക്കുന്ന വിവേചനപരമായ നീക്കങ്ങളെ അപലപിക്കുകയും ചെറുത്തുനില്‍ക്കുകയും ചെയ്യേണ്ടത് ചരിത്രകാരന്‍മാരുടെ കടമയാണ്. മൂന്ന് അയല്‍രാജ്യങ്ങളിലെ പീഡിത മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്ന പുതിയ നിയമം മുസ്ലിംകളെ മാത്രം മാറ്റിനിര്‍ത്തിയിരിക്കുന്നു. മതപീഡനമാണ് അഭയം നല്‍കുന്നതിനുള്ള മാനദണ്ഡമെങ്കില്‍ പാകിസ്താനില്‍ മറ്റേത് വിഭാഗങ്ങളെക്കാളും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന അഹ്മദിയ്യാ വിഭാഗത്തെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും മന്ത്രി ചോദിച്ചു.
ഇന്ത്യന്‍ ജനാധിപത്യം നിര്‍ണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടുപോവുമ്പോഴാണ് എണ്‍പതാമത് ചരിത്ര കോണ്‍ഗ്രസ് നടക്കുന്നതെന്ന സവിശേഷതയുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ ജാതിമതഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന സന്ദര്‍ഭമാണിത്. എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങളെ പോലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൂരമായി നേരിടുന്നത് നാം കാണുന്നു. സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന പ്ലക്കാര്‍ഡ് പിടിച്ചതിന് വിഖ്യാത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്ത ബെംഗളൂരു പൊലിസ് നടപടി തന്നെ ഞെട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെ അടിമത്വത്തിന്റെ സാക്ഷ്യമായി വ്യാഖ്യാനിച്ച ചില വിഭാഗങ്ങള്‍ അത് തകര്‍ത്ത് മനുസ്മൃതിയെ പകരം കൊണ്ടുവരാനുള്ള ശ്രമത്തിലാണിന്ന്. അതിന് അവര്‍ക്കു മുമ്പിലെ പ്രധാന തടസ്സം രാജ്യത്തിന്റെ മതേതര ചരിത്രമാണ്. ആ ചരിത്രത്തെയും അതുവഴി നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഒരുമിച്ചു പോരാടേണ്ട സമയമാണിത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ നേര്‍വഴിയില്‍ മുന്നോട്ടുനയിക്കാന്‍ ചരിത്രകാരന്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി. ഹിസ്റ്ററി കോണ്‍ഗ്രസ് സുവനീര്‍ പുതിയ പ്രസിഡന്റ് പ്രഫ. അമിയ കുമാര്‍ ബാഗ്ചിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. പിവിസി ഡോ. പി ടി രവീന്ദ്രന്‍, ഹിസ്റ്ററി കോണ്‍ഗ്രസ് ലോക്കല്‍ സെക്രട്ടറി ഡോ. പി മോഹന്‍ദാസ്, സിന്റിക്കേറ്റ് അംഗങ്ങളായ ബിജു കണ്ടക്കൈ, എ നിഷാന്ത്, ഡോ. വി പി പി മുസ്തഫ, ഡോ. ജോണ്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments