Skip to main content

ജയിലുകളില്‍ മാനസികാരോഗ്യ പരിപാടികള്‍ക്ക് തുടക്കമായി

 

 

ആലപ്പുഴ: ജയിലിലെ താമസക്കാരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ല ജയിലില്‍ മാനസികാരോഗ്യ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലോടെ ജയിലുകളില്‍ മാനസികാരോഗ്യ പരിപാടിക്ക് തുടക്കം കുറിച്ചത്. ആരോഗ്യ വകുപ്പ് (ഡി.എം.എച്.പി.), എക്‌സൈസ്(വിമുക്തി), ജയില്‍ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി കെ.ജി ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജയിലിലെ താമസ്സക്കാരുടെ പുനരധിവാസത്തിനും നവീകരണത്തിനും മാനസികാരോഗ്യ ഇടപെടലുകള്‍ അത്യന്താപേഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രൊബേഷന്‍ ഓഫീസര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. ജില്ല ജയില്‍ സൂപ്രണ്ട് സാജന്‍ ആര്‍, എക്‌സൈസ് നാര്‍ക്കോട്ടിക് സി.ഐ വി. റോബര്‍ട്ട്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അശോക്കുമാര്‍,  ജില്ലാപ്രൊബേഷന്‍ ഓഫീസര്‍ ഷാജഹാന്‍ എസ്. എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ല ജയിലില്‍ 10 ദിവസത്തെ തൊഴില്‍ പരിശീലനം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാനസികാരോഗ്യ ഇടപെടലുകള്‍ നടത്തുന്നത്. എല്ലാ മാസവും ഡി.എം.എച്.പി. ടീം ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്കാവശ്യമായ ശാസ്ത്രീയ ഇടപെടലുകള്‍ ലഭ്യമാക്കും. പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറില്‍ ജില്ല മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ.മഞ്ജു, സൈക്യാട്രിസ്റ്റ് ഡോ. ഇന്ദു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

 

 

date