Skip to main content

പ്രത്യാശ 2020; ലഹരി വിമുക്ത പുതുവത്സരാഘോഷം നടത്തി

സംസ്ഥാന സർക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി കയ്പമംഗലം നിയോജകമണ്ഡലത്തിൽ വേറിട്ട രീതിയിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പ്രത്യാശ 2020 എന്ന പേരിൽ മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസ ഓഡിറ്റോറിയത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. എം എൽ എ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളേയും ഏകോപിപ്പിച്ചായിരുന്നു പരിപാടി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി, മണ്ഡലത്തിലെ വിദ്യാഭ്യാസ സമിതി സുരക്ഷ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്തത്. മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷന് സർക്കാർ രൂപം നൽകിയിട്ടുളളത്. മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ, എക്‌സൈസ്, പോലീസ്, സ്‌കൂളുകൾ, സ്വരക്ഷക്ലബ്, വിവിധ ക്ലബുകൾ,കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘം 31 ന് അർധരാത്രിയിൽ കലാപരിപാടികളിലും ലഹരി വിരുദ്ധ പ്രതിജ്ഞയിലും പങ്ക് ചേർന്നു. ജില്ലാ കളക്ടർ എസ്.ഷാനവാസ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി. കെ.പി.വിജയകുമാരൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ. സനു, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി, വിവിധ പഞ്ചായത്ത് പ്രസിഡന്റമാർ എന്നിവർ സംസാരിച്ചു. സംവിധായകൻ അമ്പിളി, സിനിമ സീരിയൽ നടൻ ഷൈജൻ ശ്രീവത്സം, കായിക താരം ആൻസി സോജൻ, ചിത്രകാരൻ ഡാവിൻചി സുരേഷ്, വൈൽഡ് ഫോട്ടോഗ്രാഫർ ഷാജി മതിലകം എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. രാത്രി 12 മണിക്ക് പാണ്ടിമേളത്തോടെ മെഴുക് തിരികൾ തെളിയിച്ച് പുതുവത്സരത്തെ വരവേറ്റു.
 

date