Skip to main content

47 രാജ്യങ്ങൾ; 351 പ്രതിനിധികൾ; ലോകകേരള സഭയ്ക്ക് തുടക്കം

ലോകമെമ്പാടും വ്യാപിച്ച മലയാളിപ്രവാസ സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന ഉജ്വല പ്രാതിനിധ്യത്തോടെ രണ്ടാമത് ലോകകേരള സഭയ്ക്ക് പ്രൗഢമായ തുടക്കം. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്.  ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി, ജനവാസമുള്ള എല്ലാവൻകരകളുടെയും സാന്നിദ്ധ്യം ഇക്കുറിയുണ്ട്. 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള വർധിച്ച പ്രാതിനിധ്യം രണ്ടാം സമ്മേളനത്തെ കൂടുതൽ പ്രതീക്ഷാനിർഭരമാക്കുന്നു. 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്.  രണ്ടു വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന് വ്യവസ്ഥ പ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് (ജനുവരി രണ്ട്) രാവിലെ ഒമ്പതിന് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടാം ലോക കേരള സഭാ നടപടികൾ ആരംഭിക്കും. പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചശേഷം സഭാ നടപടികളെ സംബന്ധിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തും. സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഒന്നാം ലോക കേരള സഭയെ തുടർന്നുള്ള നേട്ടങ്ങളുടെ വീഡിയോ അവതരണവും നടക്കും.
ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴ് മേഖലാ യോഗങ്ങൾ നടക്കും. വൈകിട്ട് നാലിന് വിഷയാടിസ്ഥാനത്തിലുള്ള എട്ട് വിഷയ മേഖലാസമ്മേളനങ്ങൾ നടക്കും. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഇതിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് ലോക കേരള സഭ നിയമ നിർമാണത്തിനുള്ള കരട് ബിൽ അവതരണം നടക്കും. രാത്രി 7.30 മുതൽ കലാപരിപാടികൾ നടക്കും.
പി.എൻ.എക്സ്.13/2020

date