ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും പഴയന്നൂരിൽ ജനുവരി 6ന്
ലൈഫ് മിഷൻ കുടുംബസംഗമത്തിന്റെയും അദാലത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ഈമാസം ആറിന് രാവിലെ 9.30 ന് പഴയന്നൂരിൽവെച്ച് നടക്കുമെന്ന് യു ആർ പ്രദീപ് എംഎൽഎയും ജില്ലാകളക്ടർ എസ് ഷാനവാസും വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഴയന്നൂർ ദാറുസ്സലാം മദ്രസഹാളിൽ നടക്കുന്ന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായിരിക്കും.
കേരള സർക്കാർ നടപ്പിലാക്കിവരുന്ന സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് കീഴിൽ ഇതുവരെ ഒന്നരലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. സംസ്ഥാനതലത്തിൽ രണ്ടുലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം ജനുവരി പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഇതിന് മുന്നോടിയായാണ് ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിനാണ് കുടുംബസംഗമത്തോടൊപ്പം ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തുകൾ സംഘടിപ്പിക്കുക. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് എന്നിവർ പങ്കെടുത്തു.
- Log in to post comments