വെടിക്കെട്ടിന് അനുമതി
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റിയൻ പള്ളിയിലെ കമ്പിടി തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ തൃശൂർ എഡിഎം റെജി പി ജോസഫ് അനുമതി നൽകി. ജനുവരി 4, 5, 6, 7 തിയ്യതികളിൽ വെടിക്കെട്ട് നടത്താൻ അനുമതി തേടി സെന്റ് സെബാസ്റ്റിയൻ പള്ളി ട്രസ്റ്റി ഷാജി ടി ജെ യാണ് തൃശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. അപേക്ഷയും ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് ആദ്യം പ്രവർത്തനാനുമതി നിരസിച്ചതോടെ അപേക്ഷകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് അപേക്ഷ വീണ്ടും പരിഗണിക്കുകയും നിയന്ത്രിത രീതിയിൽ വെടിക്കെട്ട് നടത്താനുള്ള അനുമതി നൽകുകയും ചെയ്തത്. ഓലപ്പടക്കങ്ങൾ, ഫ്ളവറുകൾ എന്നിവ ഉപയോഗിച്ചുള്ള വെടിക്കെട്ട് മാത്രമേ നടത്താനാകൂ. ഓരോ ദിവസവും 15 കിലോഗ്രാം വരെ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതി. കൂടാതെ വെടിക്കെട്ട് ലൈസൻസിയുടെ മേൽനോട്ടത്തിൽ വെടിക്കെട്ട് നടത്തണം, തിരിച്ചറിയൽ കാർഡ് ധരിക്കണം, പോലീസ്, ഫയർ ആന്റ് റസ്ക്യൂ സർവ്വീസസ് ആവശ്യപ്പെടുന്ന മുൻകരുതലുകൾ പാലിക്കണം തുടങ്ങി നിരവധി ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. അനുമതി നൽകാൻ സാധിക്കാത്ത സ്ഥിതിയാണെങ്കിലും ഹൈക്കോടതി വിധി പ്രകാരമാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത് എന്നറിയിച്ച ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ഈ ഉത്തരവ് സ്ഥിരം ഉത്തരവായോ, വരും വർഷങ്ങളിലോ, മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തിലോ, മറ്റുള്ള വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷകളിലോ ബാധകമായിരിക്കില്ല എന്നും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
- Log in to post comments