ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടിക്ക് തുടക്കം
കൊച്ചി: ക്ഷയരോഗം 2020നകം സംസ്ഥാനത്ത് നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ബോധവല്‍ക്കരണവും രോഗനിര്‍ണയവും ലക്ഷ്യമിട്ടുള്ള ഭവന സന്ദര്‍ശന പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ വസതിയില്‍ ആരംഭിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ശരത്.ജി.റാവു വിവരശേഖരണത്തിന് നേതൃത്വം നല്‍കി. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിത, മെഡിക്കല്‍ ഓഫീസര്‍ ഡോ അഞ്ജന ബാബു, കോഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് ഡിക്രൂസ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ ,അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തും.
രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വിട്ടു മാറാത്ത ചുമ, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ, നീണ്ടു നില്‍ക്കുന്നതും വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്നതുമായ പനിയും കുളിരും, ശരീരഭാരം അകാരണമായി കുറയല്‍, എന്നിവ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കഫ പരിശോധന, എക്‌സ്‌റെ തുടങ്ങിയവയിലൂടെ രോഗനിര്‍ണയം നടത്താം. ആധുനികരീതിയിലുള്ള രോഗ നിര്‍ണയ സംവിധാനങ്ങള്‍ ജനറല്‍ ആശുപത്രിയിലും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലും ലഭ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മറച്ചു പിടിക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ക്ഷയരോഗ ബാധ ഇല്ലാതാക്കാനും, രോഗ വ്യാപനം തടയുവാനും സാധിക്കും.
- Log in to post comments