താനൂരില്‍ ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തില്‍ അനുവദിച്ചത് 265 സ്വപ്നഭവനങ്ങള്‍
താനൂര്‍ ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാക്കിയത് 265 കുടുംബങ്ങള്‍ക്ക്. പെരുമണ്ണ ക്ലാരിയില്‍ 12, ചെറിയമുണ്ടത്ത് 11, ഒഴൂരില്‍ 69, താനാളൂരില്‍ 66, വളവന്നൂരില്‍ 15, പൊ•ുണ്ടത്ത് നാല്, നിറമരുതൂരില്‍ 88 എന്നിങ്ങനെയാണ് ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ നാലു ലക്ഷം രൂപ വീതം ഭവന നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. പാതി വഴിയില്‍ നിലച്ച ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനായി താനൂര്‍ ബ്ലോക്കിന് കീഴില്‍ ഒന്നാം ഘട്ടത്തില്‍ 53 പേര്‍ക്കും ലൈഫ് മിഷന്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായവും അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണയില്‍ താനൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ 205 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന് താനൂര്‍ ബ്ലോക്ക് ഹൗസിങ് ഓഫീസര്‍ സി.ഗോപകുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016-17, 2017-18 വര്‍ഷങ്ങളിലായി 120 പേര്‍ക്കും ഭവന നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കിയിരുന്നു. ആവാസ് പ്ലസ് പദ്ധതിയില്‍ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 1947 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- Log in to post comments