Skip to main content

വൈജാത്യങ്ങളില്ലാത്ത ജനകീയ കൂടിച്ചേരലുകള്‍ ദേശീയോദ്ഗ്രഥനത്തിനു മികച്ച മാതൃക: മന്ത്രി ഡോ.കെ.ടി. ജലീല്‍ 'സൂര്യ മലബാര്‍ കാര്‍ണിവലിന്' മലപ്പുറത്ത് വര്‍ണാഭമായ പരിസമാപ്തി

സൂര്യ മലബാര്‍ കാര്‍ണിവലിന് മലപ്പുറം കോട്ടക്കുന്ന് ഉദ്യാനത്തില്‍ വര്‍ണാഭമായ പരിസമാപ്തി. ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ ഒമ്പതു ദിവസങ്ങളിലായി നടന്ന മേള ജനകീയ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. കാര്‍ണിവലിന്റെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. വൈജാത്യങ്ങളില്ലാതെ ജനങ്ങളെ കൂട്ടിചേര്‍ക്കുന്ന പൊതു മേളകള്‍ ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയാണെന്നു മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം നിലനിര്‍ത്താന്‍ കൂടിച്ചേരലുകളുടെ പൊതു ഇടങ്ങള്‍ വര്‍ധിക്കണം. മാനവികതയുടെ സന്ദേശങ്ങള്‍ സമൂഹത്തില്‍ കൈമാറ്റം ചെയ്യാന്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് പ്രധാന ആയുധം. വൈജാത്യങ്ങളില്ലാതെ കൂടിച്ചേരാന്‍  സാധ്യമാവുന്നിടങ്ങളിലെല്ലാം ഒത്തുകൂടുന്ന മലപ്പുറത്തിന്റെ സംസ്‌ക്കാരം രാജ്യത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷനായി. സിനിമ താരം ഷെയ്ന്‍ നിഗം, സംവിധായകന്‍ സാജിദ് യഹ്‌യ, നിര്‍മ്മാതാവ് അമരാവതി രാധാകൃഷ്ണന്‍, ഗാനരചയിതാവ് സുഹൈല്‍ കോയ എന്നിവര്‍ മുഖ്യാതിഥികളായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി. ഹേമലത, ഡി.ടി.പി.സി. എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.പി. അനില്‍, വിലാസിനി, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, കാര്‍ണിവല്‍ മുഖ്യ പ്രായോജകരായ സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രതിനിധി നിധിന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രളയാനന്തര പുനര്‍നിര്‍മ്മിതിക്കൊപ്പം ആഘോഷത്തിന്റേയും ഐക്യത്തിന്റേയും കൈകോര്‍ക്കലായി ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തിയ 'സൂര്യ മലബാര്‍ കാര്‍ണിവല്‍'. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യ സംരംഭകരുടേയും സ്റ്റാളുകളും ഭക്ഷ്യ മേളയും കലാ സാംസ്‌കാരിക പരിപാടികളും പുതുവത്സരത്തില്‍ ജില്ലയ്ക്ക് പുത്തനാവേശം പകര്‍ന്നു. സമാപന ദിവസം കാലിക്കറ്റ് റെഡ് ബാന്റ് സംഘത്തിന്റെ സംഗീത പരിപാടി ദൃശ്യ വിരുന്നൊരുക്കി.  കാര്‍ണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രോള്‍, ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വിശിഷ്ടാതിഥികള്‍ ഉപഹാരങ്ങള്‍ നല്‍കി.  

date