ബിഷപ്പ് വള്ളോപ്പള്ളി മ്യൂസിയം: ഒന്നാംഘട്ട നിര്‍മ്മാണം ഫെബ്രുവരി 15 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
പുരാവസ്തു വകുപ്പിന് കീഴില്‍ ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുറമുഖ, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍മ്മാണത്തിലെ പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‌കോയോട് ഫെബ്രുവരി 15നകം ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണമാണ് ഒന്നാം ഘട്ടം. ഒപ്പം എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളും വേഗത്തിലാക്കും. മ്യൂസിയം സജ്ജീകരണത്തിന് സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ ചരിത്ര- പൈതൃക മ്യൂസിയത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, കണ്ടന്റ് ക്രിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍, വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മലബാറിലെ കുടിയേറ്റത്തിന്റെ കഥപറയുന്ന മ്യൂസിയത്തിന്റെ വിവരശേഖരണത്തിനായി കെ സി ജോസഫ് എംഎല്‍എ ചെയര്‍മാനായ കണ്ടന്റ് ക്രിയേഷന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ യോഗം ജനുവരി 10നകം ചേരാനും പ്രാഥമിക വിവരശേഖരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
- Log in to post comments