Skip to main content

റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും

രാജ്യത്തെ 71-ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായ കാര്യപരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തില്‍ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

എ.ആര്‍.പോലീസ്, കെ.എ.പി, ലോക്കല്‍ പോലീസ്, എക്‌സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി പരേഡ് നടക്കും. പരേഡിന്റെ ചുമതല എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡര്‍ക്കാണ്. ജനുവരി 22, 23 തിയ്യതികളില്‍ വൈകിട്ട് 3.30നും ജനുവരി 24 ന് രാവിലെ 7 .30 നും കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് കമാന്‍ഡര്‍ അറിയിച്ചു.

ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഓഫീസിന് കീഴില്‍ വരുന്ന ഓഫീസുകളില്‍ കഴിഞ്ഞ വര്‍ഷം മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടറുടെ പ്രത്യേക പുരസ്‌കാരം സമ്മാനിക്കും. റിഹേഴ്‌സലിലും റിപ്പബ്ലിക് ദിനത്തിലും പരേഡ്, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ലഘുഭക്ഷണ വിതരണം, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, പൂര്‍ണ സജ്ജമായ മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷാ ക്രമീകരണം തുടങ്ങിയവയാണ് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ആര്‍.ഡി.ഒ പി.എ. വിഭൂഷണ്‍, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

date