ജില്ലയില്‍ ഡിസംബര്‍ രണ്ടാംവാരത്തില്‍ പട്ടയ വിതരണമേള നടക്കും: മുന്നൊരുക്കങ്ങള്‍ ത്വരിതപ്പെടുത്തണം-റവന്യൂ മന്ത്രി
2017 ഡിസംബര്‍ രണ്ടാംവാരത്തോടെ പട്ടയ വിതരണമേള മുന്നില്‍ കണ്ട് ജില്ലയിലെ ലാന്‍ഡ് ട്രിബ്യൂനലിന്റെ പരിഗണനയിലുളളതുള്‍പ്പെടെയുളള പട്ടയങ്ങളുടെ വിതരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ ജില്ലയില്‍ 34049 പട്ടയ കേസുകളാണ് ലാന്‍ഡ് ട്രിബ്യൂനലിന്റെ പരിഗണനയില്‍ ഉളളത്. അനുയോജ്യരായ നിയമപരിജ്ഞാനമുളളവരെയും സര്‍വീസ് കാലാവധി രണ്ടു വര്‍ഷം ബാക്കിയുളളവരെയും ലാന്‍ഡ് ട്രിബ്യൂനല്‍ തഹസില്‍ദാര്‍മാരായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.
പട്ടയ വിതരണം, പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമിനല്‍കല്‍, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, ലാന്‍ഡ് ബോര്‍ഡ് കേസുകള്‍, ഫയല്‍ അദാലത്ത്, ഭൂമി ഏറ്റെടുക്കല്‍, കെട്ടിട നികുതി,ആഡംബര നികുതി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, വില്ലേജ് രേഖകളുടെ ഡിജിറ്റലൈസേഷന്‍, കെ.എല്‍.സി, കെ.എല്‍.യു കേസുകളുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ പോക്കുവരവ് ,ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി പതിച്ചു കിട്ടിയിട്ടും ഭൂമി കിട്ടാത്തവരുടെ പരാതി തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് യോഗത്തില്‍ വിലയിരുത്തിയത്. താലൂക്ക് തലത്തിലാണ് അവലോകനം നടന്നത്. റവന്യൂ ഭൂമി കാലങ്ങളോളം അനുഭവിച്ചു പോരുന്ന ഭൂരഹിതരായവര്‍ക്ക് മാനുഷിക പരിഗണനയില്‍ നിശ്ചിത അളവ് ഭൂമി നല്‍കാമെന്ന് മന്ത്രി പറഞ്ഞു.
ആദിവാസി വിഭാഗങ്ങളുടെ പട്ടയവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉടന്‍ തീര്‍പ്പാക്കണം. വനഭൂമി വിതരണം ചെയ്യുമ്പോള്‍ വനംവകുപ്പിന്റെ അനുമതി ഉറപ്പാക്കണം. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി വിതരണം ചെയ്യുമ്പോള്‍ പ്രദേശവാസികളുടെ തൊഴിലും ജീവിതരീതിയുമായി ബന്ധപ്പെട്ട പ്രദേശത്തോ കുറഞ്ഞത് സ്വന്തം താലൂക്കിലെങ്കിലും വാസയോഗ്യമായ ഭൂമി തന്നെ വിതരണം ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. കൂടാതെ റവന്യൂ റിക്കവറി നടപടികള്‍ ഊര്‍ജിതമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
- Log in to post comments