Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേയ്ക്കും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേയ്ക്കുമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
2015 നു ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ ഉപയോഗിച്ച വോട്ടർപട്ടികയും മറ്റു വാർഡുകളിൽ 2015 ലെ വോട്ടർപട്ടികയും അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്.  അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. തിരുത്തലുകൾ, സ്ഥലംമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭിക്കും.  കമ്മീഷൻ വെബ്‌സൈറ്റ് www.lsgelection.kerala.gov.in ലും പട്ടിക ലഭ്യമാണ്.  അംഗീകൃത രാഷ്ട്രീയ കക്ഷികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികൾക്കും പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കും. മറ്റു രാഷ്ട്രീയകക്ഷികൾക്കും വ്യക്തികൾക്കും നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പട്ടിക ലഭിക്കും.
2015 ലെ പൊതുതിരഞ്ഞെടുപ്പിൽ ഫോട്ടോപതിച്ച വോട്ടർപട്ടികയാണ് കമ്മീഷൻ ഉപയോഗിച്ചിരുന്നത്. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ച വോട്ടർപട്ടിക ഫീൽഡ് വെരിഫിക്കേഷൻ നടത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തമായി ഡാറ്റാബേസ് ഉണ്ടാക്കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് അവ അടിസ്ഥാന പട്ടികയായി ഉപയോഗിക്കുന്നതിന് കമ്മീഷൻ 2014 ൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച് 2015 ലെ പൊതുതിരഞ്ഞെടുപ്പിലും തുടർന്ന് ഉണ്ടായിട്ടുള്ള ഉപതിരഞ്ഞെടുപ്പുകൾക്കും ഈ ഡാറ്റാബേസ് അടിസ്ഥാന പട്ടികയായി പ്രസിദ്ധീകരിക്കുകയും അവ സംബന്ധിച്ച് ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡു പുനർവിഭജനം നടത്തിയതിന് ശേഷം പുതിയ വാർഡുകളെ  അടിസ്ഥാനമാക്കി ഫെബ്രുവരി 28 ന്  പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടിക വീണ്ടും ഭാഗങ്ങളാക്കി പ്രസിദ്ധീകരിച്ച് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് അന്തിമമാക്കും. വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർമാർ ജില്ലാതല രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജനുവരി 20 ന് മുമ്പ് വിളിച്ചു ചേർക്കും.
പി.എൻ.എക്സ്.86/2020

date