Skip to main content

വികസനത്തിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിലും നടപ്പാക്കുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനം: മന്ത്രി ചന്ദ്രശേഖരന്‍

 

 

ആലപ്പുഴ: വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് സമാനകളില്ലാത്ത പ്രവര്‍ത്തനങ്ങളാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാധാരണക്കാരുടെ അടിസ്ഥാന സൗകര്യ വികസനത്തിലടക്കം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിജയകരമായി പൂര്‍ത്തീകരിച്ച 2 ലക്ഷം ലൈഫ് മിഷന്‍ ഭവനങ്ങളടക്കമുള്ളവ ഇതിന്റെ ഉദാഹരണങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം മിഷന്‍, ആര്‍ദ്രം പദ്ധതി തുടങ്ങി സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി സമസ്ത മേഖലകളിലും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ലൈഫ് മിഷന്‍ പോലെയുള്ള വിപ്ലവകരമായ പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെ ആദരിച്ചുകൊണ്ട് എ.എം ആരിഫ്

എം.പി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പദ്ധതിക്കായി കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.

 

ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ട് ഘട്ടങ്ങളിലായി 1200 വീടുകളാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂര്‍ത്തീകരിച്ചത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു

date