അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം നാളെ (9/1/2020)
ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ (9/1/2020) രാവിലെ 9.30 മുതല്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 754 വീടുകളാണ് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിരിക്കുന്നത്. ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില്‍ ലഭ്യമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭിക്കും. അദാലത്തില്‍ പങ്കെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് അപേക്ഷ എഴുതി നല്‍കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കാനെത്തുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. ജനുവരി 26ന് സംസ്ഥാന തല പ്രഖ്യാപനം നടക്കുന്നതിനു മുന്നോടിയായാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബ സംഗമവും അദാലത്തും നടത്തുന്നത്. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിക്കും
- Log in to post comments