Skip to main content

കൈവിട്ട ജീവിതം ലൈഫ് പദ്ധതിയിലൂടെ തിരികെ നേടി  തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ മൈമൂന കുടുംബ ശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ സ്വപ്ന വീടൊരുക്കി

അപ്രതീക്ഷിതമായി വന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വീടുപോലും നഷ്ടപ്പെട്ടുപോയ തുവ്വൂര്‍ ഗ്രാമ പഞ്ചായത്തിലെ നരിയക്കം പൊയില്‍ സ്വദേശി എരഞ്ഞിക്കല്‍ മൈമൂന ഇപ്പോള്‍ കടപ്പെട്ടിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ ലൈഫ് ഭവന പദ്ധതിയോടാണ്. സാമ്പത്തിക ഞെരുക്കത്താല്‍ വീടും സ്ഥലവുമെല്ലാം നഷ്ടമായതോടെ  താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലാണ് മൈമൂന  കഴിഞ്ഞിരുന്നത്.  ലൈഫ് പദ്ധതിയിലൂടെ വീട് സ്വന്തമായതോടെ അവരുടെ ജീവിതം പ്രകാശത്തിലേക്ക് വഴിമാറി. 
ഗള്‍ഫിലായിരുന്നു മൈമൂനയുടെ ഭര്‍ത്താവ് എരഞ്ഞിക്കല്‍ ബഷീറിനു ജോലി. അവിടെ സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെ തൊഴില്‍ നഷ്ടമായി നാട്ടില്‍ തിരിച്ചെത്തി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ വീടും കിടപ്പാടവും വിറ്റു. പിന്നീട് സ്വന്തമായുള്ള നാലു സെന്റ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ചുണ്ടാക്കിയ ഷെഡിലായി താമസം. മൂന്നു വര്‍ഷമായി താല്‍ക്കാലിക ഷെഡില്‍ കഴിഞ്ഞ മൈമൂനക്കും കുടുംബത്തിനും ലൈഫ് പദ്ധതിയിലൂടെ വീടു നിര്‍മ്മിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
വീടു നിര്‍മ്മാണത്തിനുമുണ്ട് പ്രത്യേകത. കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മ്മാണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകയാണ് മൈമൂന. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ മൈമൂന ഉള്‍പ്പെടെയുള്ള ആറു വനിതകളാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ലൈഫ് പദ്ധതിയുടെ കാളികാവ് ബ്ലോക്ക് സംഗമത്തിനെത്തിയ മൈമൂനക്കു പങ്കുവെക്കാനുണ്ടായിരുന്നത് സര്‍ക്കാറിന്റെ കരുതലില്‍ കൈവിട്ടുപോയ ജീവിതം വീണ്ടും മധുരിക്കുന്നതിന്റെ അനുഭവ കഥയാണ്. ഭര്‍ത്താവ് ബഷീര്‍ നാട്ടില്‍ കൂലി വേലക്കാരനാണ്. മൂന്നു കുട്ടികളില്‍ രണ്ടു പെണ്‍മക്കള്‍ വിവാഹിതര്‍. മകന്‍ മുഹമ്മദ് ഷഹരിയാര്‍ വിദ്യാര്‍ഥിയാണ്.
 

date