Skip to main content

സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരം:  മനസ്സ് നിറഞ്ഞ് ഈ പുഞ്ചിരി

മുള കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ അന്ധനായ ഭര്‍ത്താവുമൊന്നിച്ച് കഴിഞ്ഞിരുന്ന ഓടക്കയം കുരീരി ആദിവാസിക്കോളനിയിലെ അമ്പിളി, തല ചായ്ക്കാന്‍ ഇടമില്ലാതെ ഒറ്റപ്പെടലിന്റെ നോവുമായി 14 വര്‍ഷം തള്ളിനീക്കിയ അറുപതുകാരിയായ ഉമയ്യ, മുള ചീന്തി ചുമര്‍ നിര്‍മിച്ച് പുല്ല് കൊണ്ട് മേല്‍ക്കൂര മേഞ്ഞ വീട്ടില്‍ താമസിച്ചിരുന്ന സുമതി, ഉഷ, സരോജിനി... ഇവരെല്ലാം ഇന്ന് മനസ്സ് നിറഞ്ഞ്  പുഞ്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സ്വന്തം വീട് എന്ന സ്വപ്നം സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍.
അമ്പിളി രാജേന്ദ്രന്‍
മുള കൊണ്ട് നിര്‍മ്മിച്ച രണ്ട് മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു അമ്പിളിയുടെയും കുടുംബത്തിന്റെയും താമസം. കൂലിപ്പണിക്ക് പോകുന്ന ഭര്‍ത്താവിന്റെ ചെറിയ വരുമാനത്തില്‍ ജീവിതം തള്ളി നീക്കിയ ആ കുടുംബത്തിലേക്ക് ദുരിതങ്ങളുടെ തീരാപെയ്ത്തായിരുന്നു. അള്‍സര്‍ രോഗബാധിതനായിരുന്ന ഭര്‍ത്താവിന് കണ്ണിലെ  ഞരമ്പിലെ തടസ്സം മൂലം പതിയെ കാഴ്ചശക്തി നഷ്ടമായതോടെ പ്രായപൂര്‍ത്തിയാവാത്ത 4 മക്കള്‍ക്കൊപ്പം അമ്പിളിയുടെയും ജീവിതം ഇരുട്ടിലായി. ഇന്ന്, കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തുന്ന അമ്പിളിയുടെ ജീവിതത്തിന് വെളിച്ചമാവുകയാണ് ലൈഫ് മിഷന്‍ പദ്ധതി. മൂന്ന് മുറികളും ഹാളും അടുക്കളയും വരാന്തയുമടങ്ങിയ സുരക്ഷിതഭവനമാണ് അമ്പിളിക്ക് ലഭിച്ചത്.
ഉമയ്യ
തുണയാരുമില്ലാതെ ഒറ്റയ്ക്ക് ജീവിതം നയിക്കുകയാണ് ഊര്‍ങ്ങാട്ടരി പഞ്ചായത്തിലെ ഇരുവേറ്റി ഒമ്പതാം വാര്‍ഡ് സ്വദേശിനി ഉമയ്യ. വളരെ ചെറുപ്പത്തിലെ വിവാഹിതയായ ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞതോടെ ബാപ്പായുടെ സംരക്ഷണത്തിലായിരുന്നു. 14 വര്‍ഷം മുമ്പ് ബാപ്പ മരിച്ചതോടെ ആരോരുമില്ലാതെയായ ഉമയ്യക്ക് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ സാന്ത്വനമേകുകയാണ്. ആരെയും ആശ്രയിക്കാതെ സ്വന്തം വീട്ടില്‍ കഴിയുന്ന സന്തോഷം പങ്കുവെച്ചപ്പോള്‍ പല്ലില്ലാത്ത മോണ കാട്ടിയുള്ള ഉമയ്യയുടെ പൊട്ടിച്ചിരിക്ക് മാറ്റ് ഏറെയായിരുന്നു.
സുമതി, ഉഷ, സരോജിനി
ഊര്‍ങ്ങാട്ടിരി വെണ്ടേക്കുംപൊയ് ആദിവാസി കോളനിയിലെ താമസക്കാരാണ് ഇവര്‍. അയല്‍ക്കാരായ മൂവര്‍ക്കും പറയാനുള്ളത് കഴിഞ്ഞ കാലത്തിന്റെ ദുരിത കഥകള്‍ മാത്രം. മുള ചീന്തി ചുവര്‍ നിര്‍മ്മിച്ച് പുല്ല് കൊണ്ട് മേല്‍ക്കൂര മേഞ്ഞ വീടുകളിലായിരുന്നു മുതുവാന്‍ വിഭാഗത്തില്‍ പെട്ട ഇവരുടെ ജീവിതം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ നിന്ന് സൗകര്യങ്ങളുള്ള സുരക്ഷിതഭവനങ്ങളിലേക്ക് ജീവിതം പറിച്ചു നട്ടതിന്റെ സന്തോഷത്തോടെയാണ് ഇവര്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കാനായെത്തിയത്.
 

date