Skip to main content

സ്ത്രീകളുടെ പരാതികള്‍ക്ക് പരിഗണന നല്‍കാത്തത് ഗൗരവമായി കാണും. - വനിതാ കമ്മീഷന്‍

 

    സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, നീതി നിഷേധം, വീടുകളിലേയും ജോലി സ്ഥലത്തേയും ശാരീരിക - മാനസിക പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച് നല്‍കുന്ന പരാതികള്‍ അര്‍ഹമായ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പൊലീസും ഓഫീസ് മേധാവികളും പരിഗണിക്കാത്തത് അതീവ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ് കമാല്‍, ഇ.എം. രാധ എന്നിവര്‍ പറഞ്ഞു.   കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
    പെരുമ്പടപ്പില്‍ കാന്‍സര്‍ രോഗിയായ വിധവ പണം കൊടുത്ത് വാങ്ങിയ വീട്ടിലേക്ക് വാഹനം പോകുന്നതിനുള്ള വഴി സ്ഥലം നല്‍കിയ ആള്‍തന്നെ അടക്കുകയും മറ്റ് പല വിധത്തില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്തത് സംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതി സ്ഥലം എസ്.ഐ ഗൗരവത്തിലെടുത്തില്ലെന്നും പരാതിക്കാരിക്ക് നീതി ലഭ്യമാക്കാന്‍ ശ്രമിച്ചില്ലെന്നും കമ്മീഷന് ബോധ്യപ്പെട്ടു.  ഈ പരാതിയില്‍ സത്യസന്ധമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തിരൂര്‍ ഡി.വൈ.എസ്പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  എസ്.ഐക്ക് എതിരെയുള്ള പരാതി കമ്മീഷന്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും.
    തനിക്കും നാല് മക്കള്‍ക്കും വിദേശത്തുള്ള ഭര്‍ത്താവ് നാലരവര്‍ഷമായി ചെലവിന് തരുന്നില്ലെന്ന് കാളികാവ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ പ്രവാസി സംഘടനകളുടെ കൂടി സഹകരണത്തോടെ ഇടപെടല്‍ നടത്തും.  ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിക്കുകയും രണ്ടാം ഭാര്യയെ ഇടക്കിടെ വിദേശത്തേക്ക് കൊണ്ട്‌പോയി താമസിപ്പിക്കുകയും ചെയ്യുന്നതായി യുവതി പരാതിയില്‍ പറയുന്നു.
    വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനാധ്യാപകരും സഹപ്രവര്‍ത്തകരും അധ്യാപികമാരോട് മോശമായി പെരുമാറുന്നതായുള്ള പരാതികള്‍ കൂടി വരികയാണ്.  നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ ഇത് സ്വീകരിക്കുന്നില്ല.  ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും.  ന്യായമായ പരാതികളില്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അടച്ചക്ക നടപടി സ്വീകരിക്കാനാവശ്യപ്പെടും.
    മക്കളില്‍ നിന്ന് പണം ലഭ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് മുന്‍ സൈനികന്‍ നല്‍കിയ പരാതി കമ്മീഷന്‍ തള്ളി.  പരാതിക്കാരന് 25000 രൂപയോളം പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തമായി വീടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തി.  അച്ചന്‍ എന്ന നിലയില്‍ മക്കളോടുള്ള കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാതിക്കാരന്‍ വീഴ്ച വരുത്തിയതായും കമ്മീഷന്‍ കണ്ടെത്തി.
    96 പരാതികള്‍ പരിഗണിച്ചതില്‍ ആറ് എണ്ണം തീര്‍പ്പാക്കി.  88 പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും.  
    സിറ്റിങില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പുറമെ അഡ്വ. രാജേഷ്, വനിതാ കമ്മീഷന്‍ എസ്.ഐ രമ എല്‍, വനിതാ സെല്‍ എസ്.ഐ ഇന്ദിര, സാമൂഹിക നീതി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date