Skip to main content

താനൂരില്‍ ജീവനി പദ്ധതിയ്ക്ക് തുടക്കം: 8000 പച്ചക്കറിവിത്തുകളും രണ്ട് ലക്ഷം തൈകളും വിതരണം ചെയ്യും

വിഷരഹിത പച്ചക്കറി ഉല്‍പ്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിനായുള്ള ജീവനി പദ്ധതിയ്ക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം. 8000 വിത്തുകളും രണ്ട് ലക്ഷം പച്ചക്കറി- ഫലവൃക്ഷ  തൈകളും വിതരണം ചെയ്യുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലും താനൂര്‍ നഗരസഭാ പരിധിയിലും വിഷ രഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്. പപ്പായ, മുരിങ്ങ, വിവിധ തരം ചീരകള്‍ തുടങ്ങിയ അഞ്ച് ഇനം വിത്തുകള്‍ അടങ്ങിയ കിറ്റും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്.
താനൂര്‍ ബ്ലോക്കിലെ 190 ജനപ്രതിനികള്‍ക്കും പച്ചക്കറി - ഫലവൃക്ഷ തൈകള്‍ നല്‍കുമെന്ന് താനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ജെ ഒനീല്‍ പറഞ്ഞു. പ്ലാന്‍    സ്‌കീമില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം രൂപയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നിര്‍വ്വഹണം. ജനുവരി ഒന്നിന് സംസ്ഥാനത്ത് തുടങ്ങിയ ജീവനി പദ്ധതി 2021 ലെ വിഷു വരെ നീണ്ടു നില്‍ക്കും. വിഷ രഹിത പച്ചക്കറി കൃഷി വിജയിപ്പിക്കുന്നതിനായി താനൂര്‍ ബ്ലോക്കിന് കീഴിലെ എട്ട് കൃഷിഭവനുകളിലും രണ്ടു ഘട്ടങ്ങളിലായി ശാസ്ത്രീയ കൃഷി പരിപാലന പരിശീലന പരിപാടി സംഘടിപ്പിക്കും.  അടുത്ത ആഴ്ച്ച മുതല്‍ പരിശീലന പരിപാടിയ്ക്ക് തുടക്കമാകും. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ' എന്ന സന്ദേശ മുയര്‍ത്തിയുള്ള പദ്ധതിയുടെ ഭാഗമായുള്ള വിത്ത് വിതരണോദ്ഘാടനം താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.എം ബാപ്പു ഹാജി, താനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ജെ ഒനീല്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

date