Skip to main content

സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍: നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം. - ജില്ലാ കലക്ടര്‍

 

    സര്‍ക്കാര്‍ ഓഫീസുകളും പരിസരങ്ങളും മാലിന്യമുക്തമാക്കുന്നതിന് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ് മേധാവികള്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു.  'മാലിന്യ രഹിത മലപ്പുറം' പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണം.  കലക്ടറുടെ ചേമ്പറില്‍ നടന്ന ശുചിത്വമിഷന്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍, ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ - ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍.
    ഓഫീസ് മേധാവികള്‍ ഓഫീസിലെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പ് വരുത്തണം.  ശുചിമുറികള്‍, വാഷ്‌ബെസിനുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണം.  വേനല്‍ക്കാലത്ത് ജലക്ഷാമ സാധ്യതയുള്ളതിനാല്‍ ഓഫീസുകളിലും ശുചിമുറികളിലൂടെയും വെള്ളം പാഴായി പോവുന്നത് ഒഴിവാക്കണം.  ഇത് തടയാനായി ആവശ്യമായ റിപ്പയര്‍ പ്രവൃത്തികള്‍ നടത്തണം.  ഇതിനാവശ്യമായ ഫണ്ട് അതത് വകുപ്പില്‍ നിന്ന് ആവശ്യപ്പെടണം.
എല്ലാമാസവും മൂന്നാമത്തെ ബുധനാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ ജീവനക്കാര്‍ സിവില്‍ സ്റ്റേഷന്‍ വൃത്തിയാക്കും.  ഇതിന് ഓരോ ഓഫീസിലെയും ജീവനക്കാരുടെ പങ്കാളിത്തം ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം.  ഇതേ മാതൃക ജില്ലയിലെ മറ്റ് ഓഫീസുകള്‍ക്കും സ്വീകരിക്കാവുന്നതാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രത്യേക പരിപാടികള്‍ നടത്തുമ്പോള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സനെ രണ്ട് ദിവസം മുമ്പ് വിവരം അറിയിക്കണം.  ഫോണ്‍ 9037991411.
ഓഫീസുകളില്‍ കെട്ടികിടക്കുന്ന ഇലക്‌ട്രോണിക് വേസ്റ്റുകള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.  
സിവില്‍ സ്റ്റേഷന്‍ സൗന്ദര്യ വല്‍ക്കരണത്തിന് സ്വകാര്യ ആര്‍കിടെക്റ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും.  സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും വേനല്‍ക്കാലത്ത് ജല ലഭ്യത ഉറപ്പ് വരുത്തും.  ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജല അതോറിറ്റി ജനുവരി 31നകം കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
എ.ഡി.എം ടി. വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, ജെ.ഒ. അരുണ്‍, ഹരിത കേരളം കോഡിനേറ്റര്‍ പി. രാജു, ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date