സമ്മതിദായകരുടെ ദേശീയദിനം ആഘോഷിച്ചു
സമ്മതിദായകരുടെ ദേശീയദിനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കമാന്‍ഡോ പി വി മനേഷ് ശൗര്യചക്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യനന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തത് ഒളിച്ചോട്ടമാണ്. ഞങ്ങള്‍ ഇതിനൊന്നിനും തയ്യാറല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ വഴിതെറ്റുകയാണ്. ഇവരില്‍ പലരും സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉളളടക്കം തിരിച്ചറിയാതെ ഫോര്‍വേഡ് ചെയ്യുകയാണ്. മതേതരത്വവും വ്യക്തിസ്വാതന്ത്ര്യവും ഇത്രയധികമുളള മറ്റൊരു രാജ്യമില്ല. അതുകൊണ്ട് ഓരോ പൗരനും ഭാരതീയനായതില്‍ അഭിമാനിക്കാം. സമൂഹം ശിഥിലമാകുമ്പോഴാണ് വര്‍ഗീയതയും ഫാസിസവും കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ എല്ലാവരും സദാപ്രവര്‍ത്തനനിരതമാകണം. സൈനികര്‍ നിസ്വാര്‍ത്ഥമായാണ് രാജ്യനന്മയ്ക്ക് വേണ്ടിയും സുരക്ഷയ്ക്ക് വേണ്ടിയും വീരമൃത്യു വരിക്കാന്‍ തയ്യാറാവുന്നത്. ധീരജവാന്മാരുടെ കുടുംബത്തെ സമൂഹം കൈവിടരുത്. യുവത്വം ട്രെന്‍ഡ് രാഷ്ട്രീയത്തിന് പിന്നാലെയാണ്. അനുകരണമാണ് അത്. സിനിമകള്‍ കണ്ട് അനുകരിക്കുകയാണവര്‍. പ്രതിലോമകരമാണത്. എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന ദിവസമാണ് വോട്ടെടുപ്പ് ദിനം. രാജ്യത്തിന്റെ പുരോഗതിക്ക് ശക്തി പകരാന്‍ എല്ലാവരും സമ്മതിദാനം വിനിയോഗിക്കണം. വോട്ടവകാശത്തിന്റെ ശക്തി ഓര്‍മ്മപ്പെടുത്തിയ മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്റെ സേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി വി മനേഷ് ദേശീയ വോട്ടേഴ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടികളക്ടര്‍മാരായ കെ രവികുമാര്‍, കെ ജയലക്ഷ്മി, പി അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് പരീത് നന്ദിയും പറഞ്ഞു. 2000 ജനുവരി ഒന്നിന് ജനിച്ച രോഷ്‌നി, രോഹിത് എന്നീ ഇരട്ട സഹോദരങ്ങളെയും അഹമ്മദ് മന്‍സൂറിനെയും മില്ലേനിയം വോട്ടര്‍മാരായി പ്രഖ്യാപിച്ച് മുഖ്യാതിഥി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും പുരസ്‌കാരവും നല്‍കി ആദരിച്ചു. സമ്മതിദായകരുടെ ദേശീയദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ക്വിസ്മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും മികച്ച ബൂത്ത്തല ഉദ്യോഗസ്ഥര്‍, കോളേജ് ക്യാമ്പസുകളിലെ ഇലക്ഷന്‍ അമ്പാസിഡര്‍മാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. സിവില്‍സ്റ്റേഷനിലെ ജീവനക്കാരും എന്‍ സി സി കേഡറ്റുകളും സമ്മതിദായകരും ചടങ്ങില്‍ സംബന്ധിച്ചു. സകലര്‍ക്കും പ്രാപ്യമായ തെരഞ്ഞെടുപ്പെന്നതാണ് സമ്മതിദായകരുടെ ദേശീയദിനത്തിലെ സന്ദേശം.
- Log in to post comments