കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കായി 'അതിജീവനം പദ്ധതി'
കുറ്റകൃത്യത്തിനിരയായി മരണപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ ആശ്രിതരുടെ പുനരധിവാസത്തിനായി അതിജീവനം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള ജില്ലാ പ്രൊബേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് സാമൂഹ്യ-മാനസിക -സാമ്പത്തിക പിന്‍തുണ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊലപാതകം, ആസിഡ് ആക്രമണം, ശാരീരികമായി ഗുരുതരമായി പരിക്കേല്‍പ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതരെ ജില്ലാ പ്രൊബേഷന്‍ ഓഫീസ് കണ്ടെത്തുകയും അനുയോജ്യരായവര്‍ക്ക് ക്ഷീര വികസന വകുപ്പ് മുഖേനെ സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ ഡയറി യൂണിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടത്തിന്റെ പിന്‍തുണയോടെ സ്പോണ്‍സര്‍ഷിപ്പിലൂടെ അനുയോജ്യമായ മറ്റ് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സഹായിക്കും.ആരോഗ്യ വകുപ്പിന്റെ പിന്‍തുണയോടെ സാമൂഹ്യ-മാനസിക സേവനങ്ങള്‍ ലഭ്യമാക്കും.നിയമ സഹായം ആവശ്യമായവര്‍ക്ക് ലീഗല്‍ സര്‍വ്വിസ് അതോറിറ്റി മുഖേനെ നിയമ സഹായം ലഭ്യമാക്കും.
കുടുംബനാഥന്മാര്‍ കൂറ്റകൃത്യത്തിനിരയായി മരണപ്പെടുകയോ ഗുരുതര പരുക്ക് പറ്റുകയോ ചെയ്യുന്നത് മൂലം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുവാന്‍ കഴിയാതെ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് പദ്ധതി സഹായകരമാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭിപ്രായപ്പെട്ടു.കുറ്റകൃത്യത്തിന് ഇരയായവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുകയെന്നത് സാമൂഹ്യ ഉത്താരവാദിത്ത്വമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും അതിജീവനം പദ്ധതിയില്‍ പങ്കാളിയായി കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബത്തെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. കുറ്റകൃത്യത്തിന് ഇരയായി മരിക്കുന്നവരുടെ ആശ്രിതര്‍ക്കോ,ഗുരുതര പരുക്ക് പറ്റിയിട്ടുള്ളവര്‍ക്കോ പുനരധിവാസത്തിനായുള്ള സ്വയം തൊഴില്‍ സഹായത്തിനായി ജനുവരി 20 നു മുന്‍പായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2325242 എന്ന നമ്പറില്‍ ബന്ധപ്പെടാം. അതിജീവനം പദ്ധതിയുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, കോന്നി ഇന്‍സ്‌പെക്ടര്‍ എസ്.അഷാദ്, ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ടി.എസ് സാബി, ലീഡ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ മനോജ് വര്‍ഗീസ്, ജോയിന്റ് രജിസ്ട്രാര്‍ സ്പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍, ഡി.ഡി.സി.ബി എ.എസ്.ഐ കെ.സജു , സൂസമ്മ മാത്യു, എന്‍ അനുപമ, രശ്മി രാജന്‍ ,വി.കെ സുരേഷ് കുമാര്‍ , ഡി.രാജേന്ദ്ര കുമാര്‍, സലിം കുമാര്‍, ശശി ,സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments