ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി: ബജറ്റ് വിഹിതം 84.38 കോടി രൂപ വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു
ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിക്ക് 84.38 കോടി രൂപയുടെ ബജറ്റ് വിഹിതം വകയിരുത്തി. ജനറല്‍ വിഭാഗത്തില്‍ 29.56 കോടി രൂപയും, പട്ടികജാതി വിഭാഗത്തില്‍ 4.17 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ 3.87 കോടിയും ചെലവഴിക്കും. റോഡ് അറ്റകുറ്റപ്പണിക്ക് 41.10 കോടിയും റോഡിതര അറ്റകുറ്റപ്പണിക്ക് 5.67 കോടി രൂപയുമാണ് ചെലവഴിക്കുക. ജില്ലാ പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017 -2022) വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായാണ് വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി.
വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളാണ് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് കരടു രൂപരേഖയിലും പിന്നീട് വാര്‍ഷിക പദ്ധതിയിലും ഇടം പിടിക്കുക. യോഗത്തില്‍ പങ്കെടുത്ത വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ 15 വിഭാഗങ്ങളായി തിരിഞ്ഞ് പുതിയ പദ്ധതി-വികസന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. പൊതുഭരണം ധനകാര്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം-ക്ഷീരവികസനം, പ്രാദേശിക സാമ്പത്തിക വികസനം-സഹകരണം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യനീതി, വനിതാ വികസനം, പട്ടികജാതി വികസനം, പട്ടിക വര്‍ഗ വികസനം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യാഭ്യാസം-കല-സാംസ്‌കാരികം-യുവജനകാര്യം, പൊതുമരാമത്ത്, ദുരന്ത നിവാരണം എന്നിങ്ങനെ 15 ഗ്രൂപ്പുകളായായിരുന്നു ചര്‍ച്ച നടത്തിയത്.
ബജറ്റ് വിഹിതത്തില്‍ ഉത്പാദന മേഖലയില്‍ 30 ശതമാനവും ശുചിത്വം-മാലിന്യ സംസ്‌കരണത്തിന് പത്ത് ശതമാനവും വനിതാഘടക പദ്ധതിക്ക് 10 ശതമാനവും, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്‌ജെന്റേര്‍സ് എന്നിവര്‍ക്ക് അഞ്ച് ശതമാനവും വയോജനങ്ങള്‍ (പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെ) അഞ്ച് ശതമാനവും ലൈഫ്, പിഎംഎവൈ ഉള്‍പ്പെടെയുള്ള പാര്‍പ്പിട മേഖലയ്ക്ക് 20 ശതമാനവും വകയിരുത്തും
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച 385 കിലോ വാട്ടിന്റെ സോളാര്‍ പദ്ധതിയുടെ രേഖകള്‍ ബന്ധപ്പെട്ട സ്ഥാപന പ്രതിനിധികള്‍ക്ക് യോഗത്തില്‍ കൈമാറി. ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപ്രതി, മൊഗ്രാല്‍ പുത്തൂര്‍ ജിഎച്ച്എസ്എസ്, ഉപ്പള ജിഎച്ച്എസ്എസ്, ചന്ദ്രഗിരി ജിഎച്ച്എസ്എസ് എന്നിവടങ്ങളിലാണ് സോളാര്‍ പദ്ധതി നടപ്പാക്കിയത്. കെഎസ്ഇബിക്ക് വേണ്ടി ഇന്‍കെല്‍ ആണ് പദ്ധതി നിര്‍വഹണം നടത്തിയത്.
യോഗത്തില്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളായ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പൊതുസമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍, വിവിധ വകുപ്പുകളുടെ മേധാവികളടക്കമുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments