Skip to main content

രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ജനങ്ങളുടെ ഏകതാബോധം-മന്ത്രി ജി. സുധാകരന്‍

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും പുലര്‍ത്തുന്ന വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ജനങ്ങളുടെ ഏകതാബോധമാണെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വവും  ബഹുസ്വരതയും ഇത്രയേറെയുളള മറ്റൊരു രാജ്യമില്ല. വിസ്തൃതിയില്‍ ലോകത്തിലെ ഏഴു മഹാരാജ്യങ്ങളില്‍ ഒന്നാണ് നമ്മുടേത്. 29 സംസ്ഥാനങ്ങളിലും ഭാഷാപരവും മതപരവും സംസ്‌കാരപരവും ആചാരപരവുമായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ആയിരത്തിലേറെ വര്‍ഷം പഴക്കമുളള ഭാരതത്തിന്റെ സംസ്‌കാരം പങ്കു വയ്ക്കുന്ന ഏകതാബോധം ജനതയെ ഒരുമിപ്പിക്കുന്നു. ഭാരതത്തിന്റെ പ്രകൃതി പോലും ഈ ബോധത്തെ പിന്തുണയ്ക്കുന്നതാണ്. 
മോഹന്‍ജൊദാരോ, ഹാരപ്പ തുടങ്ങി ലോകം ഇരുളില്‍ ആയിരുന്ന കാലത്തു പോലും ഭാരതത്തിലുണ്ടായിരുന്ന നാഗരിക സംസ്‌കാരവും നളന്ദയും തക്ഷശിലയും പോലുളള സര്‍വകലാശാലകള്‍ പകര്‍ന്നു തന്ന വിദ്യാഭ്യാസപാരമ്പര്യവും അമേരിക്ക ഉള്‍പ്പെടെയുളള നവ രാജ്യങ്ങളുടെ സാംസ്‌കാരികതയ്ക്ക് മുന്‍പില്‍ നമ്മുടെ ഔന്നത്യം ഉറപ്പിക്കുന്നു. എന്നാല്‍ നമ്മുടെ ഏകാത്മകത എന്നത് ഒരാള്‍ കഴിക്കുന്ന ഭക്ഷണം തന്നെ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നതും എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഏകപക്ഷീയമായി നിഷ്‌കര്‍ഷിക്കപ്പെടുന്നതും ആണെന്ന ചിന്ത അറിവില്ലായ്മയാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം സാമൂഹിക -സാംസ്‌കാരിക പുരോഗതിയുടെയും മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ടതാണ്. ഇവയെ നിഷേധിക്കുന്നത് മനുഷ്യന്‍ കടന്നുവന്ന സാംസ്‌കാരികപഥങ്ങളെ നിരാകരിക്കലാണ്. പ്രസിഡന്റ് ഭരണം വരണം എന്ന ആശയവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ജനാധിപത്യത്തെ നിരാകരിച്ച ഏകാധിപതികള്‍ക്ക് ചരിത്രം നല്‍കുന്ന ഇടം വെറുക്കപ്പെട്ടവരുടേതാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ പ്രചാരകനായിരുന്ന ഏബ്രഹാം ലിങ്കണ്‍, മഹാത്മാഗാന്ധി, ഡോ.ബി. ആര്‍. അംബേദ്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ചരിത്രപുരുഷന്‍മാരുടെ സ്ഥാനം എത്ര മഹനീയമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ നാം ആഘോഷിക്കുന്ന മഹാബലി മുതല്‍ ദേശീയകവിയായ ടാഗോര്‍ വരെ ഉയര്‍ത്തിപ്പിടിച്ച ഫിലോസഫി ജനങ്ങളുടെ ഏകതാബോധമാണ്. 
ജനാധിപത്യപ്രക്രിയയില്‍ ആര്‍ക്കു വോട്ട് ചെയ്താലും ഭരണകര്‍ത്താക്കള്‍ പ്രവര്‍ത്തിക്കേണ്ടത് എല്ലാ ജനതക്കും വേണ്ടിയാണ്. സ്ത്രീ സമത്വവും യുവാക്കള്‍ക്ക് തൊഴിലും കുട്ടികള്‍ക്ക് ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും എല്ലാവര്‍ക്കും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടത് അതുകൊണ്ടുതന്നെ ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ 1967ല്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണം പോലൊരു സാമൂഹിക മുന്നേറ്റം മറ്റൊരു സംസ്ഥാനത്തും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തിന്റെയും തദ്ദേശീയ സ്വഭാവത്തിന് അനുസൃതമായി ഭൂപരിഷ്‌കരണം നടപ്പാക്കുക വഴി ജനങ്ങളുടെ പൗരാവകാശം സംരക്ഷിക്കാന്‍ കഴിയും. നമ്മുടെ ഭരണഘടനയും ഇന്ത്യയൊട്ടാകെ ബന്ധിപ്പിക്കുന്ന റെയില്‍വേ, വിമാന സര്‍വീസുകളും രാജ്യത്തെ സംരക്ഷിക്കുന്ന കര-വ്യോമ-നാവിക സേനകളും നാനാത്വത്തിലെ നമ്മുടെ ഏകതാബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനം എന്ന പദ്ധതി നൂറു ശതമാനവും നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടാം മാസത്തില്‍ തുടക്കമിട്ട് അഞ്ചാം മാസത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ഏഴു ലക്ഷം പേര്‍ക്ക് ഭവനം നിര്‍മിച്ച് നല്‍കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഓരോ വിദ്യാര്‍ത്ഥിക്കും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാക്കി അവ ദുരുപയോഗം ചെയ്യാതിരിക്കാനുളള സാമൂഹ്യബോധം വിദ്യാഭ്യാസത്തിലൂടെ വാര്‍ത്തെടുത്ത് നല്ല ജനതയെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നയമാണ് സര്‍ക്കാരിനുളളത്. ആരോഗ്യരംഗത്തെ കച്ചവട പ്രവണത അവസാനിപ്പിച്ച് രോഗികള്‍ക്ക് ആധുനിക ചികിത്സ നല്‍കുന്ന ആരോഗ്യനയവും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. സമൂഹത്തെ ലഹരിവിമുക്തമാക്കാനുളള പദ്ധതികളും നടപ്പാക്കിവരുന്നു. സംസ്‌കാര സമ്പന്നമായ നമ്മുടെ നാടിന്റെ ഹരിതഭംഗി നിലനിര്‍ത്തി ജലലഭ്യത ഉറപ്പു വരുത്തുന്നതിന് ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയും വിജയകരമായി നടപ്പാക്കിവരുന്നു. അദ്ദേഹം പറഞ്ഞു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫികളും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.            
രാവിലെ എട്ടിനാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. മുഖ്യാതിഥിയെ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയും ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് പരേഡ് കമാണ്ടര്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പരേഡ് ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ലാ പഞ്ചായത്തംഗം സുഗതന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദേശ വിദ്യാര്‍ത്ഥികള്‍ പരേഡ് കാണാനെത്തിയതും ഇത്തവണത്തെ പ്രത്യേകതയായി.
 

date