Skip to main content

ചേർപ്പ് ബ്ലോക്കിൽ ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാട്ടിക എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്വന്തമായി വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായതും മാന്യവുമായ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കിവരുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലേയും പരിധിയിലുളള അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ ഗ്രാമപഞ്ചായത്തുകളിലെയും ഗുണഭോക്താക്കളുടെ സംഗമമാണ് നടന്നത്.

പട്ടികജാതി വികസന വകുപ്പിന്റേയും മറ്റ് വിവിധ ഭവന പദ്ധതികളിലും ഉൾപ്പെടുത്തി ധനസഹായം അനുവദിക്കുകയും വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കുവാൻ സാധിക്കാതിരുന്നതുമായ വീടുകൾ ഏറ്റെടുത്ത് വിവിധ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ചേർപ്പ് പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ലൈഫ് ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 181 വീടുകൾ ഇതിനോടകം പൂർത്തീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സരള അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി സണ്ണി സ്വാഗതവും ജോയിന്റ് ബി.ഡി.ഒ കെ.ഇ ഉണ്ണി നന്ദിയും പറഞ്ഞു. വിവിധ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ലൈഫ് മിഷൻ പദ്ധതി വിജയകരമായി പൂർത്തീയാക്കുന്നതിന് ആത്മാർത്ഥമായി പ്രവർത്തിച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരെ ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ ലോഹിതാക്ഷൻ ആദരിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് മിഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ അവിണിശ്ശേരി ചേർപ്പ് പാറളം വല്ലച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരെയും സംഗമത്തിന്റെ ഭാഗമായി ആദരിച്ചു.
സംഗമത്തോടനുബന്ധിച്ച് ചേർപ്പ് സി എച്ച് സിയുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യപരിശോധനയും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി ഗുണഭോക്താക്കൾക്ക് പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി തുണി സഞ്ചി വിതരണം, വിവിധ മാലിന്യ സംസ്‌കരണ രീതികളുടെ പ്രദർശനം, ശുചിത്വ കലണ്ടർ വിതരണം എന്നിവ നടന്നു. സംഗമത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗൃഹചൈതന്യം പദ്ധതിയിൽ ഉൾക്കൊള്ളിച്ച് ഉൽപാദിപ്പിച്ച ആര്യവേപ്പ്, കറിവേപ്പ് എന്നിവ വിതരണം ചെയ്തു. ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമത്തിലും അദാലത്തിലും 20 വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. അദാലത്തിൽ ലഭിച്ച 209 അപേക്ഷകളിൽ 164 അപേക്ഷകൾ തീർപ്പാക്കി. ഗ്രാമവികസനം, പഞ്ചായത്ത്, റവന്യു, സിവിൽ സപ്ലൈസ്, ജലസേചനം, ഐടി വകുപ്പുകളിലായിരുന്നു കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് അക്ഷയ സെന്റർ ജീവനക്കാരുടെ സേവനം ലഭ്യമാക്കിയിരുന്നു. കുടുംബശ്രീയുടെ തൊഴിൽദാന പദ്ധതികളുടെ വിശദീകരണവും കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും അദാലത്തിന്റെ ഭാഗമായി നടന്നു. സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് ചേർപ്പ് കനറാ ബാങ്ക,് ചേർപ്പ് സർവീസ് സഹകരണ ബാങ്ക്, വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ ഉപഹാരങ്ങളും വിതരണം ചെയ്തു.

date