വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ച് തൊഴില്‍ ലഭ്യമാക്കിയാലേ പട്ടികവിഭാഗങ്ങളുടെ ഉന്നമനം സാധ്യമാകൂ: മന്ത്രി എ കെ ബാലന്‍
വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ച് തൊഴില്‍ ലഭ്യമാക്കിയാല്‍ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരെ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ത്താന്‍ കഴിയൂ എന്ന് പട്ടികജാതി പട്ടികവര്‍ഗക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടിക വിഭാഗക്കാരുടെ സുസ്ഥിര വികസനം സാധ്യമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്നതാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായും കേരളത്തിന്റെ എല്ലാ മേഖലയും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. പട്ടിക വിഭാഗക്കാരെയും ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായിട്ടുള്ള ഇവരുടെ ഉയര്‍ച്ച ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടികവിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശിക്ഷണവും ഭക്ഷണവും ലഭ്യമാക്കാനാണ് പ്രീമെട്രിക് ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നതെന്നും ഏകദേശം 19000 കുട്ടികള്‍ കേരളത്തിലെ പട്ടിക ജാതിവകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ പഠിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചെലവിലാണ് ആണ്‍കുട്ടികള്‍ക്കായി പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ അഡ്വക്കേറ്റ് എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടിക ജാതി ഓഫീസര്‍ കെ കെ ഷാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷിമി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഷീബ, പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ രാഗേഷ്, സംസ്ഥാന പട്ടിക ജാതി ഉപദേശക സമിതി അംഗം ഇ ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments