Skip to main content
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരേഡ്  അഭിവാദ്യം ചെയ്യുന്നു

ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം                                          മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

    
    രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളായ സ്വാതന്ത്രവും ജനാധിപത്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാന്‍ മറ്റെല്ലാം വിസ്മരിച്ചു കൊണ്ട് രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണെന്നും ഭരണപരമായും ഭരണഘടനാപരമായും അവ സംരക്ഷിക്കാന്‍  നാം പ്രതിജ്ഞാബദ്ധമാണെന്നും  റിപ്പബ്ലിക്ദിന സന്ദേശത്തില്‍ തുറമുഖ വകുപ്പു  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പരമാധികാര രാജ്യമായ ഭാരതം  പുതിയൊരു സാഹചര്യങ്ങളിലൂടെ കടന്നു പോവുകയാണ്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും ഏറെയുണ്ടങ്കിലും  രാജ്യത്തിന്റെ  ക്ഷേമത്തിനും പുരോഗതിക്കും യശസ്സിനും വേണ്ടി ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പരിപാവനമാണ്. അത് സമാധാനത്തിന്റെതാണ്.സാമ്രാജ്യശക്തികള്‍ക്കെതിരായി ഗാന്ധിജി നയിച്ച അഹിംസാത്മകമായ സ്വാതന്ത്ര്യസമരം ലോകചരിത്രത്തിലെതന്നെ പ്രോജ്വലിക്കുന്ന സമര ചരിത്രമാണ്.സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാത്മാക്കളുടെ ജീവിതവും രാജ്യത്തിന്റ അഭിമാനോജ്വലവുമായ ചരിത്രവും നാം അമൂല്യനിധിയായി സൂക്ഷിക്കണം. ചരിത്രം ചരിത്രമാണെന്നും അത് മാറ്റാനുളള ശ്രമങ്ങള്‍ അനുവദിച്ചുക്കൂടായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനമായ ജനുവരി 30 മുതല്‍ ഒരു വര്‍ഷകാലം നീണ്ട് നില്‍ക്കുന്ന ബഹുമുഖ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

    കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ  ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍,ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍.ബി.കൃഷ്ണ,എ.ഡി.എം കെ.എം രാജു, ജില്ലാതല ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date