കെ.എസ്.ഇ ബി സോഷ്യല്‍ ഓഡിറ്റ് നടത്തി
വൈദ്യുതി വകുപ്പിന്റെ ജില്ലയിലെ ആദ്യ സോഷ്യല്‍ ഓഡിറ്റ് ചിത്തിരപുരം ഡിവിഷനു കീഴിലെ ആനച്ചാലില്‍ നടത്തി. എസ് രാജേന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യല്‍ ഓഡിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎംമണി നിര്‍വ്വഹിച്ചു. പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിച്ചത്. ജലവൈദ്യുതി പദ്ധതികള്‍ കൂടുതലായി നടപ്പിലാക്കുന്നതില്‍ പാരിസ്ഥിതികമായ ചില തടസ്സങ്ങളുണ്ടെന്നും സോളാര്‍ പദ്ധതികള്‍ കൂടുതല്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വീടുകളുടെയും വലിയ കെട്ടിടങ്ങളുടെയും മുകളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിക്കുകയും ഒപ്പം ജലാശയങ്ങളില്‍ ഫ്ളോട്ടിംഗ് സോളാര്‍ രീതികള്‍ ഉപയോഗിച്ചും സൗരോര്‍ജം കൂടുതലായി ഉല്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 9 പഞ്ചായത്തുകളിലായി 856 ച.കി വിസ്തൃതിയുള്ള ചിത്തിരപുരം ഡിവിഷനു കീഴില്‍ 20,000 ത്തോളം കണ്‍സ്യൂമേഴ്സാണ് നിലവിലുള്ളത്. ഇവരെ പ്രതിനിധികരിച്ച് എത്തിയ 65- ഓളം ആളുകളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്. വൈദ്യുതിയുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിന് ആദ്യം സമീപിക്കുന്നത് ആരെയാണ്, ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനത്തില്‍ പോരായ്മകളുണ്ടോ,കെ.എസ്.ഇ.ബി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വേഗത്തില്‍ പരിഹാരം ലഭിക്കാറുണ്ടോ; തുടങ്ങി 23 ചോദ്യങ്ങളിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. ആറുമാസത്തിനുള്ളില്‍ ഉപഭോക്തക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് സ്വീകരിക്കേണ്ട പുതിയ ക്രമീകരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. കൃത്യമായ ഇടവേളകളില്‍ ഇത്തരത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ സോഷ്യല്‍ ഓഡിറ്റുകള്‍ നടത്താനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ചിത്തിരപുരം ഡിവിഷനു കീഴില്‍ ഉപഭോക്താക്കള്‍ നേരിടുന്ന വൈദ്യുതി തടസ്സമുള്പ്പെടയെുള്ള കാര്യങ്ങളില്‍ ബോര്‍ഡ് പുതിയ ക്രമീകരണങ്ങള്‍ നടത്തുമെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യൂ, പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണന്, ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി തോമസ്, ചിഫ് എന്‍ജിനീയര്‍ ജെയിംസ് എം ഡേവിഡ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ. റഹിം, അസി. എന്‍ജിനീയര്‍ ഡെന്നീസ് രാജന്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡാലിയ ശ്രീധര്‍, ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments