Skip to main content

പുതുതലമുറയിൽ ജനാധിപത്യബോധം ഉണർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തെഴുത്ത് മത്സരം

* മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു
ജനാധിപത്യബോധവും തെരഞ്ഞെടുപ്പ് അവബോധവും പുതുതലമുറയിൽ വളർത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു.
എല്ലാ മേഖലയിലെയും പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും കേരളം രാജ്യത്ത് ഒന്നാമതായിരിക്കണമെന്ന ലക്ഷ്യവുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ  മികച്ച പ്രകടനത്തെ അഭിനന്ദിച്ച് കത്തെഴുതിയിരുന്നു. ഈ വിജയത്തിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും നൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഉത്സവാന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നമ്മുടെ നാട്ടിൽ നടക്കുന്നത്. എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വിവിധ പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ  ലക്ഷ്യം വെക്കുന്നത്. എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമായാലേ ശക്തരായ നല്ല നേതാക്കൻമാരെ തെരഞ്ഞെടുക്കാൻ കഴിയൂ. സ്വീപ്പിന്റെ ഭാഗമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി പരിപാടികൾ സംസഥാനത്തൊട്ടാകെ നടത്തി. ഇതിന്റെയെല്ലാം ഭാഗമായാണ് 78 ശതമാനം എന്ന ഉയർന്ന പോളിങ് സംസ്ഥാനത്തുണ്ടായത്.
ജില്ലാ അടിസ്ഥാനത്തിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് കത്തെഴുത്ത് മത്സരം നടത്തിയത്. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് സംസ്ഥാനതല മത്സരം സംഘടിപ്പിച്ചത്. വിജയികൾക്കുള്ള സമ്മാനവിതരണം ദേശീയ സമ്മതിദാന ദിനമായ ജനുവരി 25ന് നടക്കുന്ന പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. തെരഞ്ഞെടുക്കുന്ന കത്തുകൾ  പരിപാടിയിൽ വായിക്കുകയും ചെയ്യും.
അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസർ ബി. സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് ചീഫ് ഇലക്ട്രൽ ഓഫീസർ അശോക് കുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ദീപു കൃതജ്ഞതയും രേഖപ്പെടുത്തി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫ: ഡോ. ബിജു ലക്ഷ്മൺ, കേരള യൂണിവേഴ്സിറ്റി  പ്രൊഫസർ ജോസുകുട്ടി, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിതരണം ചെയ്തു.    
പി.എൻ.എക്സ്.210/2020

date