മീഡിയാ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് നിക്ക് ഊട്ടിന്
കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് യുദ്ധ ഭീകരതയുടെ അവിസ്മരണീയ ചരിത്രം പകര്‍ത്തിയ വിഖ്യാത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടിന്. ഒരു ലക്ഷം രൂപയും ബഹുമതി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, തോമസ് ജേക്കബ്, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.
മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവലില്‍ നിക്ക് ഊട്ടിന് അവാര്‍ഡ് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോ എഡിറ്ററായി കഴിഞ്ഞ വര്‍ഷം വിരമിച്ച നിക്ക് ഊട്ട് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് താമസം. വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ കിരാത കൂട്ടക്കൊലയുടെ പ്രതീകമായി മാറിയ ദ ടെറര്‍ ഓഫ് വാര്‍ എന്ന ചിത്രം 1972 ജൂണ്‍ എട്ടിനാണ് പ്രസിദ്ധീകരിച്ചത്. നാപാം ബോംബ് വീണ് ശരീരം പൊളളിക്കരിഞ്ഞ നഗ്നയായ പെണ്‍കുട്ടി നിലവിളിച്ച് ഓടുന്ന ചിത്രം സാമ്രാജ്യ വിരുദ്ധതയുടെയും യുദ്ധ ഭീകരതയുടെയും പ്രതീകമായി ഇന്ന് ലോക ശ്രദ്ധ നേടുന്നു. ഈ ചിത്രം പകര്‍ത്തിയ നിക്ക് ഊട്ട് തന്റെ കര്‍ത്തവ്യ നിര്‍വഹണത്തോടൊപ്പം തന്നെ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. ബോംബേറില്‍ പൊളളലേറ്റ അന്നത്തെ ഒമ്പത് വയസുകാരി കിംഫുക്ക് ഇന്ന് കാനഡയില്‍ വീട്ടമ്മയായി കഴിയുന്നു. ഫെസ്റ്റിവലിലേക്ക് കിംഫുക്കിനെയും ക്ഷണിച്ചിട്ടുണ്ട്.
പി.എന്‍.എക്‌സ്.342/18
- Log in to post comments