Skip to main content

ലൈഫ് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കും  വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി ടി.പി

 

 

 

13394 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 

 

 

ലൈഫ് പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്തായ അര്‍ഹതപ്പെട്ടടവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഏതൊരു പദ്ധതിക്കും മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടി വരും. എന്നാല്‍ പലകാരണങ്ങളാല്‍ മാനദണ്ഡം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരിലും അര്‍ഹതപ്പെട്ടവര്‍ ഉ്ണ്ടാകും. അങ്ങനെ എല്ലാവര്‍ക്കും പാര്‍പ്പിടം യാഥാര്‍ഥ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ലൈഫിന്റെ രണ്ട് ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച 13394 ഭവനങ്ങളുടെ പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു.

 

സംസ്ഥാനതലത്തില്‍ ജനുവരി അവസാനത്തോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാകുക. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കാനിരിക്കുകയാണ്. ലൈഫിന്റെ ഒന്നാംഘട്ടത്തില്‍ മുടങ്ങി കിടന്നിരുന്ന വീടുകളുടെ പൂര്‍ത്തീകരണവും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതര്‍ക്കുള്ള ഭവന നിര്‍മ്മാണവുമാണ് നടന്നത്. സ്ഥലവും വീടും ഇല്ലാത്തവര്‍ക്കുള്ള പാര്‍പ്പിട സമുച്ചയങ്ങളാണ് മൂന്നാംഘട്ട പദ്ധതി. ഇതിനായി 14 ജില്ലകളിലായി 56 ഫളാറ്റ് സമുച്ചയങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 10 ജില്ലകളിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് ടെണ്ടര്‍ നടപടികളായതായും മന്ത്രി വിശദീകരിച്ചു.

 

എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും മാത്രമല്ല സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉള്‍പ്പെടെ രംഗത്തു വരുന്നുണ്ട്. സംയുക്ത സംരംഭമായും ഭവന പദ്ധതികള്‍ വരുന്നുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 4000 പേര്‍ക്കാണ് സഹകരണ പ്രസ്ഥാനങ്ങള്‍ പാര്‍പ്പിടങ്ങളൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം സ്വന്തമായി വീടു ലഭിച്ച ഗുണഭോക്തക്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതിനും മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, ഇ.കെ വിജയന്‍, വി.കെ.സി മമ്മദ് കോയ, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോര്‍പറേഷന്‍ സ്ഥിരംസമിതി അംഗങ്ങളായ ബാബുരാജ്, രാധാകൃഷ്ണന്‍, വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയോഷന്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അന്നമ്മ ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.വി ബാലന്‍, സി. സത്യചന്ദ്രന്‍, പി.വി നവീന്ദ്രന്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ നിബു ടി. കുര്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

ലൈഫ്' നല്‍കിയ ചിത്രങ്ങളുമായി

ഫോട്ടോ പ്രദര്‍ശനം

 

 

 

'വസന്തം വിരിയുന്നു ...' പാലക്കാട് ജില്ലയില്‍ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് ലഭിച്ച കുടുംബം ആഹ്ലാദം പങ്കുവെക്കുന്നതിന്റെ ഫോട്ടോയുടെ അടിക്കുറിപ്പാണിത്. സന്തോഷവും ആശ്വാസവും തുടിക്കുന്ന ഫോട്ടോകളിലേക്ക് നോക്കുമ്പോഴറിയാം ഒരു വീട് ഇവരുടെ ജീവിതത്തില്‍ എത്രമാത്രം മാറ്റമുണ്ടാക്കിയിരിക്കുന്നുവെന്ന്. ലൈഫ് മിഷന്‍ ജില്ലാതല ഭവന നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമാണ് ടാഗോര്‍ സെന്റിനറിഹാളില്‍ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള ലൈഫ് ഗുണഭോക്താക്കളുടെ നൂറോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. വീടെന്നത് സ്വപ്നം മാത്രമായിരുന്നവര്‍ക്ക്, സ്വപ്‌ന സാക്ഷാത്കാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ എത്രമാത്രം സഹായകരമായി എന്നതിന്റെ നേര്‍കാഴ്ചയാണ് പ്രദര്‍ശനം നല്‍കുന്നത്. പൂര്‍ത്തിയായ വീടിന് മുമ്പില്‍ പുല്‍ക്കൂട് ഒരുക്കുന്നവര്‍, കുട്ടികളോടൊപ്പം കളിക്കുന്ന മാതാപിതാക്കളടക്കമുള്ളവര്‍, വീട് ലഭിച്ച ഭിന്നശേഷിക്കാര്‍ തുടങ്ങിയ ഫോട്ടോകള്‍ ഏവരെയും പിടിച്ചുനിര്‍ത്തുന്നതാണ്. കല്ലുത്താന്‍കടവിലെ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് കൈമാറുന്നതും ജില്ലയിലെ ബ്ലോക്ക്തലങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളുടെ ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. 

 

 

 

ലൈഫ് ഭവനപദ്ധതി പൂര്‍ത്തീകരണം; തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചു 

 

 

 

കോഴിക്കോട് ജില്ലയില്‍ ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതിയില്‍ 13,394 വീടുകളാണ് പൂര്‍ത്തീകരിച്ചത്. വിജയകരമായി വീടുകളുടെ പണി പൂര്‍ത്തീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ടാഗോര്‍ ഹാളില്‍ നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാ സംഗമത്തില്‍ ആദരിച്ചു. 

 

ലൈഫ് പി.എം.എ.വൈ ഭവന പദ്ധതിയില്‍ ആയിരത്തോളം വീടുകളാണ് കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. കൊയിലാണ്ടി(403), മുക്കം(65), വടകര(57) എന്നിവയാണ് ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ മുന്‍സിപ്പാലിറ്റികള്‍. ബാലുശ്ശേരി(881), പേരാമ്പ്ര(551), ചേളന്നൂര്‍ (324) എന്നിവയാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ബ്ലോക്ക് പഞ്ചായത്തുകള്‍. പനങ്ങാട് (129), ചക്കിട്ടപ്പാറ(80), ഉണ്ണികുളം(77)എന്നിവയാണ് കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ഗ്രാമ പഞ്ചായത്തുകള്‍.

രണ്ടാംഘട്ടത്തില്‍ കൊടുവള്ളി(415), മുക്കം (365) കൊയിലാണ്ടി(257) എന്നിവയാണ് മുന്‍സിപ്പാലിറ്റി തലത്തില്‍ കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പേരാമ്പ്ര(207), കൊടുവള്ളി(177), ബാലുശ്ശേരി(170) എന്നിവയും ഗ്രാമപഞ്ചായത്ത് തലത്തില്‍ മേപ്പയൂര്‍(118), വേളം( 107), ചങ്ങരോത്ത്(101), പേരാമ്പ്ര എന്നിവയാണ്. 

100 ശതമാനം വീടുകളുടെ പണി പൂര്‍ത്തിയാക്കിയ പഞ്ചായത്തുകള്‍ ചേളന്നൂര്‍, കോടഞ്ചേരി, ചോറോട്, ഒഞ്ചിയം, വില്ല്യാപ്പള്ളി, ചെക്ക്യാട്, നരിക്കുനി എന്നിവയാണ്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ വടകരയും കോഴിക്കോടും നൂറു ശതമാനം വീടുകള്‍ പൂര്‍ത്തീകരിച്ച് മാതൃകയായി.

 

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം ചടങ്ങിൽ എം. എൽ.എ മാരായ വി കെ സി മമ്മദ് കോയ, എ പ്രദീപ്‌ കുമാർ,  ഇ.കെ വിജയന്‍ 

 

എന്നിവർ വിതരണം ചെയ്തു.

 

 

 

 

സന്തോഷം പങ്കുവച്ച് ലൈഫ് കുടുംബസംഗമം

 

 

 

 

കയറിക്കിടക്കാന്‍ സ്വന്തമായൊരു വീട് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയും സന്തോഷവുമാണ് കോഴിക്കോട് ജില്ലാതല ലൈഫ് കുടുംബ സംഗമത്തിനെത്തിയ ഓരോരുത്തരിലും. സമാധാനത്തോടെ കിടന്നുറങ്ങാന്‍ നല്ലൊരു വീട് ഇല്ലാത്തതിനാല്‍ നേരിട്ട ദുരിതങ്ങള്‍ ഇവരുടെയെല്ലാം മനസ്സില്‍ മായാതെയുണ്ട്. ചോര്‍ന്നൊലിച്ച വീട്ടില്‍ നിന്നും ഇത്രയും നല്ല വീട്ടിലേക്ക് മാറി താമസിക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വളപ്പില്‍ നിയാസ് പറഞ്ഞു. പോളിയോ ബാധിതനായ നിയാസിനും കുടുംബത്തിനും ലൈഫിലൂടെ ലഭിച്ചത് പുതിയൊരു ജീവിതമാണ്. 

 

'ലൈഫി'ലൂടെ പുതിയ വീട് മാത്രമല്ല ഇവര്‍ക്ക് ലഭിച്ചത്, പുതിയ ജീവിതം കൂടിയാണ്. ചോരാത്ത, അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കുന്നതിന്റെ സന്തോഷം മൂര്‍ക്കഞ്ചിറ മീത്തല്‍  കല്യാണി അമ്മ പങ്കിട്ടു. പുറമേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്.  ഓലപ്പുരയില്‍ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറിയതിന്റെ സന്തോഷം അവരുടെ വാക്കുകളില്‍ പ്രകടമാണ്. വീടുണ്ടായപ്പോള്‍ കുടുംബത്തിലുണ്ടായ മാറ്റങ്ങളും അവര്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീട് നിര്‍മ്മിച്ചു നല്‍കിയ സര്‍ക്കാറിന് വളരെയധികം നന്ദി അറിയിക്കുന്നതായി കല്യാണി അമ്മ പറഞ്ഞു.

 

 

തുണി സഞ്ചി നല്‍കി പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം 

 

 

രജിസ്ട്രേഷന്‍ കൗണ്ടറില്‍ തുണി സഞ്ചി നല്‍കി പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം. ലൈഫ് ജില്ലാതല കുടുംബ സംഗമത്തിലെത്തിയവര്‍ക്കാണ് ലൈഫ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തുണിസഞ്ചി വിതരണം ചെയ്തത്. കുടുംബസംഗമത്തിനെത്തിയവര്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ പേര് ചേര്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഓരോ തുണിസഞ്ചിയും സംഘാടകര്‍ നല്‍കി. 

 

date