Skip to main content

ഐ എം വിജയൻ സ്റ്റേഡിയത്തിന്റെ പണി സമയബന്ധിതമായി പൂർത്തീകരിക്കും - മന്ത്രി വി എസ് സുനിൽകുമാർ

ലാലൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഐ എം വിജയൻ സ്റ്റേഡിയത്തിന്റ പണി സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ. സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലാലൂരിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. 116 കോടി രൂപ ചെലവഴിച്ചാണ് കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലേക്ക് വെച്ച് മികച്ചതുമായ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത്. പണി തുടങ്ങി 6 മാസംകൊണ്ട് 44 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. പണി തുടങ്ങിയപ്പോൾ മാലിന്യ നിർമാർജ്ജന പ്ലാന്റ് പണിയാൻ തുടങ്ങുന്നു എന്ന അഭ്യൂഹം പരന്നപ്പോൾ പല തരത്തിലുള്ള തടസ്സങ്ങൾ ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് നേരിട്ടിരുന്നു. ദ്രുതഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും, അടുത്ത വർഷം തന്നെ പണി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാൻ വിശദമായി പരിശോധിച്ച ശേഷം സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തന പുരോഗതികൾ മന്ത്രി വിലയിരുത്തി. ടെന്നീസ് കോർട്ട്, ഹോക്കി കോർട്ട്, ഫുട്ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, സ്വിമ്മിംഗ് പൂൾ, കായിക താരങ്ങൾക്ക് താമസിക്കാൻ എ.സി മുറികൾ, ഗ്യാലറി, പവിലിയൻ, ടോയ്ലറ്റ് ബ്ലോക്ക്, ചേഞ്ചിങ് റൂം, അഡ്മിൻ ബ്ലോക്ക്, സെക്യൂരിറ്റി ക്യാബിൻ എന്നിങ്ങനെ അന്തർദേശീയ മത്സരങ്ങൾ നടത്താൻ വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. കോർപറേഷൻ മേയർ അജിത വിജയൻ, കൗൺസിലർമാരായ ലാലി ജെയിംസ്, രജനി വിജു, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, അനൂപ് കാട എന്നിവർ മന്ത്രിയെ അനുഗമിച്ചു.

date