Skip to main content

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമവും അദാലത്തും

ഭവന നിർമ്മാണ പദ്ധതിയിൽ കേരളം ഒന്നാമതാണെന്നും വിദേശരാജ്യങ്ങളിൽ നിന്ന് പോലും കേരളത്തിലെ നഗരസഭ പ്രവർത്തനങ്ങൾ പഠിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നുണ്ടെന്നും കെ. വി അബ്ദുൾഖാദർ എംഎൽഎ പറഞ്ഞു. ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഭവന നിർമ്മാണം പൂർത്തീകരിച്ച 600 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി ആയോഗ് കണക്കുപ്രകാരം ഭവന നിർമ്മാണ പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിത ഭവനരഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നതിന് സുരക്ഷിതവും മാന്യവുമായ വീടുകൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് കേരള സർക്കാർ ലൈഫ് മിഷൻ നടപ്പാക്കിവരുന്നത്. സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനവും ലഭ്യമാക്കാൻ വേണ്ടിയാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ബ്ലോക്ക് സെക്രട്ടറി കെ. എം വിനീത് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്താഖ് അലിക്ക് പച്ചക്കറി തൈകൾ നൽകിയാണ് എംഎൽഎ ജീവനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ചാവക്കാട് ബ്ലോക്കിന് കീഴിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വി ഉമ്മർ കുഞ്ഞ്, പി. പി മൊയ്തീൻ, ബുഷ്റ കുന്നമ്പത്ത്, എ. ഡി ധനീപ്, മറിയൂ മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. റേഷൻ കാർഡ് തിരുത്തൽ, ആധാർ, വോട്ടർ ഐഡന്റിറ്റി കാർഡ്, ഗ്രോബാഗുകൾ, നൂതന കൃഷിരീതി ബോധവൽക്കരണ ക്ലാസ്, അലങ്കാര മത്സ്യകൃഷി, വനിത ശിശു ക്ഷേമ വികസന പദ്ധതികൾ തുടങ്ങി വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദാലത്തിന്റെ കൗണ്ടറുകളിൽ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ രേണുക നന്ദിയും പറഞ്ഞു.

date