Skip to main content

അണ്ടത്തോട് പിഎച്ച്‌സി കുടുംബാരോഗ്യകേന്ദ്രമാക്കുന്നു

പുന്നയൂർക്കുളത്തെ തീരദേശ ജനതയുടെ വികസന സ്വപ്നങ്ങൾ നിറവേറ്റാൻ അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നു. ഇതിന്റെ നിർമ്മാണോദ്ഘാടനം പാലിയേറ്റീവ് കെയർ ദിനത്തിൽ കെ വി അബ്ദുൾ ഖാദർ എംഎൽഎ നിർവഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷത വഹിച്ചു. ആർദ്രം പദ്ധതി, നാഷ്ണൽ അർബൺ മിഷൻ പദ്ധതി തുടങ്ങി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ട് കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മികച്ച നിലവാരത്തിൽ കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ടത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്. കോസ്റ്റ് ഫോർഡിനാണ് നിർമ്മാണ ചുമതല.
പ്രവർത്തനങ്ങൾക്ക് വേഗത വർദ്ധിപ്പിക്കാൻ കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറുടെ അധിക സേവനം പഞ്ചായത്ത് ഒരു വർഷം മുമ്പ് ആരംഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ പുതിയ ലാബ് സജ്ജമാക്കുകയും ലാബ് ടെക്നിഷ്യനെ നിയമിക്കുകയും ചെയ്തു. ഈ പ്രവർത്തങ്ങൾക്ക് മാത്രമായി 60000 രൂപ ഓരോ മാസത്തിലും പഞ്ചായത്ത് ചെലവഴിച്ചു വരുന്നു. സർക്കാർ നൽകുന്ന മരുന്നുകൾക്ക് പുറമെ അധികം വേണ്ടി വരുന്ന മരുന്നുകൾ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് വാങ്ങി നൽകുന്നു. നാല് ലക്ഷം ഇതിനായി ഈ വർഷം ചെലവഴിച്ചു കഴിഞ്ഞു. ഫാർമസിയുടെ സൗകര്യം വർധിപ്പിച്ച് എയർ കണ്ടീഷൻ ചെയ്യുകയും ടോക്കൺ സിസ്റ്റം നടപ്പിലാക്കുകയും ചെയ്തു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാർ ഇൻസിനറേറ്റർ സ്ഥാപിച്ചു. സ്വാന്തന പരിചരണത്തിനായി പുതിയ ആബുലൻസ് വാങ്ങി നൽകി. ഡയാലിസിസ് രോഗികൾക്ക് വിവിധ തരം മരുന്നുകൾ നൽകുന്നതോടൊപ്പം ഡയലേസർ എല്ലാ മാസവും വിതരണം ചെയ്തു വരുന്നു. ഇതിലേക്ക് ഒൻപത് ലക്ഷം വർഷത്തിൽ ചെലവഴിക്കുന്നുണ്ട്.
പുതിയ കെട്ടിടം വരുന്നതോടെ പാലിയേറ്റീവ് വിഭാഗം, സെക്കന്ററി പാലിയേറ്റീവ്, ആധുനിക ലാബ്, ഇമ്മ്യൂണൈസേഷൻ, കഫ്റ്റീരിയ, കോർട്ടേഴ്സ്, വയോജന വിശ്രമകേന്ദ്രം, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, പൊതുജന ആരോഗ്യ വിഭാഗം, മരുന്നുകൾ സൂക്ഷിക്കാനും വിതരണം ചെയ്യുവാനുമുള്ള ആധുനിക സൗകര്യങ്ങൾ, റിസപ്ഷൻ, ആധുനിക കാത്തിരിപ്പ് കേന്ദ്രം, എന്നീ സൗകര്യങ്ങൾ കൂടി ലഭ്യമാകും. നിർമ്മാണം പൂർത്തിയാകുന്നതോടെ പകൽ സമയം മുഴുവനും ചികിത്സ ലഭിക്കുന്ന ആധുനിക കുടുംബാരോഗ്യ കേന്ദ്രമായി അണ്ടത്തോട് മാറും. ഒക്ടോബർ മാസത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ജില്ലാ പഞ്ചായത്തംഗം ടി. എ. ആയിഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആലത്തയിൽ മൂസ, വി. സുബൈദ, കോസ്റ്റ് ഫോർഡ് പ്രോജക്ട് ഡയറക്ടർ സ്‌കന്ദൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ടി. വി. സതീശൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. എം. എസ്. റാണ, മെഡിക്കൽ ഓഫിസർ എൻ. ബി. അരുൺ ബാബു എന്നിവർ പങ്കെടുത്തു.

date