Skip to main content

ദുരന്ത നിവാരണ പദ്ധതിയുമായി മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത്

മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് കിലയുടെ സാങ്കേതിക സഹായത്തോടെ ദുരന്ത നിവാരണ പദ്ധതിക്ക് രൂപം നൽകുന്നു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ദുരന്ത നിവാരണ പദ്ധതിക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇത്. വെള്ളപ്പൊക്കം, വരൾച്ച, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കർമ്മ പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകുന്നത്. പ്രാദേശികമായി ലഭ്യമായ സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചും പരിശീലനം ലഭിച്ച ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് അവസ്ഥാപഠനം നടത്തിയുമാണ് കരട് ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുക. ഇത് ഗ്രാമ സഭകളിൽ അവതരിപ്പിച്ചും ചർച്ച നടത്തും. ചർച്ചയിലെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് അന്തിമ ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുക. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുളള ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനം കിലയിൽ പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, കില വിദഗ്ധരായ വി വി സുധാകരൻ, വി മനോജ് കുമാർ, കെ കുമാരൻ, അബ്ദുൾ റസാഖ്, ജയദേവൻ, എൽസ ജോർജ്, പഞ്ചായത്ത് മെമ്പർമാർ, നിർവ്വഹന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date