സി എച്ച് സി യിലെ 'പെരിയ'വിശേഷങ്ങള്‍
കാഞ്ഞങ്ങാട് ബ്ലോക്കിലെ പെരിയ സി.എച്ച്.സി മാറ്റത്തിന്റെ പാതയിലാണ് ഇപ്പോള്‍. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന പേര് അന്വര്‍ത്ഥമാക്കി ജന സൗഹൃദമാവുകയാണ് ആശുപത്രി. കയറി വരുമ്പോള്‍ മികച്ച ആശുപത്രി കവാടം. ആശൂപത്രി മതിലുകളിലുട നീളം നിറങ്ങളില്‍ വിരിഞ്ഞ ചിത്രങ്ങള്‍, ദാഹിച്ചെത്തുന്ന രോഗികള്‍ക്ക് കുടിക്കാന്‍ ശുദ്ധജല വിതരണ സംവിധാനം., പുതുമകള്‍ ഇനിയും തീരുന്നില്ല കുട്ടികള്‍ക്കായി പാര്‍ക്ക്, പൂന്തോട്ടം, ടൈല്‍ പാകി വൃത്തിയാക്കിയ ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ കേന്ദ്രം, ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കസേരകള്‍, ടോക്കണ്‍ രീതി, ലൈബ്രറി, ടെലിവിഷന്‍, എക്സറേ, ഇ.സി.ജി, ദന്തല്‍ ക്ലിനിക്ക് ഇങ്ങനെ പോകുന്നു സി.എച്ച്.സിയിലെ പുത്തന്‍ വര്‍ത്തമാനം...
അന്‍പത് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ആശുപത്രി മോടിപിടിപ്പപ്പിച്ചത്. ഇവിടെ ദിവസവും ഒ.പി സൗകര്യം ഉപയോഗപ്പെടുത്തുന്നത് 600 ഓളം ആളുകളാണ്. വൈകുന്നേരങ്ങളിലും ഒ.പി സൗകര്യം ലഭിക്കും. 108 നമ്പര്‍ ആംബുലന്‍സ് ആശുപത്രിയിലുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ബ്ലോക്ക് പരിധിയിലുള്ള എന്റോസള്‍ഫാന്‍ ബാധിതര്‍ക്കായി ഫിസിയോ തെറാപ്പി സെന്ററും സി.എച്ച്.സി യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മാനസീക രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായി..
മാനസീക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ഇവിടെ പ്രത്യേക ചികിത്സാരീതി നടത്തി വരുന്നുണ്ട്. ഇവര്‍ക്ക് രാവിലെ ആശുപത്രിയില്‍ എത്തിയാല്‍ വൈകുന്നേരം വരെയുള്ള പരിചരണങ്ങള്‍ ലഭിക്കും. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് സേവനങ്ങളും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കി വരുന്നു. ഇത് ജോലിക്ക് പോകുന്ന വീട്ടുകാര്‍ക്കും വലിയ ആശ്വാസമാണ്. ചൊവ്വാഴ്ചകളില്‍ വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകം ഒ.പി സൗകര്യം ഉപയോഗപ്പെടുത്താം. ഇത് മറ്റ് ദിവസങ്ങളിലെ നീണ്ട കൃൂ വില്‍ നിന്നും പ്രായമായ ആളുകളെ രക്ഷിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം കാഴ്ച പരിശോധന നടത്തിവരുന്നുണ്ട്.
സര്‍ക്കാര്‍ അനുവദിച്ച 12 ബെഡുകള്‍ കൂടാതെ ബ്ലോക്കിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ബെഡുകള്‍ ആശുപത്രിയില്‍ അനുവദിച്ചിരുന്നു. നിലവില്‍ നാല്‍പത് ബെഡുകള്‍ സി.എച്ച്.സിയില്‍ ഉണ്ട്. സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി വലിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ജീവനക്കാരും ബ്ലോക്ക് പഞ്ചായത്തും മുന്‍കൈ എടുക്കുന്നുണ്ട്. കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി സി. എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റ് ഒരുക്കാനുള്ള നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ട്.
- Log in to post comments