Skip to main content

എക്‌സൈസ് വകുപ്പിന്റെ സംസ്ഥാനതല ഒപ്പ് ശേഖരണവും വാഹന പ്രചരണ ജാഥയും സമാപിച്ചു

എക്‌സൈസ് വകുപ്പ് വിമുക്തി ലഹരി വിരുദ്ധ മിഷന്റെ നേതൃത്വത്തില്‍ നടത്തിവന്ന വാഹനജാഥയുടെ സംസ്ഥാനതല സമാപനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. 2019 നവംബര്‍ ഒന്നു മുതല്‍ നടത്തിവരുന്ന   ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങള്‍  അവതരിപ്പിക്കുന്ന കാര്‍ട്ടൂണുകളും ചിത്രങ്ങളും വിവരണങ്ങളും പ്രദര്‍ശിപ്പിച്ചു. വാഹനത്തിനകത്ത് സജ്ജീകരിച്ചിട്ടുള്ള പ്രദര്‍ശനം നിരവധി പേരാണ് സന്ദര്‍ശിച്ചത്.ചെറുവത്തൂരിലെത്തിയ  വാഹന പ്രചരണ ജാഥയെ  എം രാജ ഗോപാലന്‍ എം എല്‍ എ സ്വീകരിച്ചു. തുടര്‍ന്ന് ചെറുവത്തൂര്‍ ബസ്സ്റ്റാന്റ്, നീലേശ്വരം ബസ് സ്റ്റാന്റ്, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ്, ഇക്ബാല്‍ സ്‌കൂള്‍, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്, ഉപ്പള, കുമ്പള എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ശേഷമാണ് സമാപന സമ്മേളനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്നത്.

 പരിപാടി  കാസര്‍കോട് എ.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷയായി.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. രഘുനാഥന്‍ വിമുക്തി സന്ദേശം അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യ ഷെട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂധനന്‍, സംസ്ഥാന കമ്മിറ്റി എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍  അംഗം ശ്രീജിത്ത് വാഴയില്‍, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു.എക്‌സൈസ് ആന്റ് നാര്‍ക്കോട്ടിക്ക് സി.ഐ ടി.പി ജനാര്‍ദ്ദനന്‍ സ്വാഗതവും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍  നന്ദിയും പറഞ്ഞു.

date