Skip to main content

40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി ഭൂമി ലഭിച്ച സന്തോഷത്തില്‍ സരോജിനിയമ്മ

 

ആലപ്പുഴ: ജീവിതത്തിലെ ഒരു നല്ല കാലം ജീവിച്ച മണ്ണ് സ്വന്തമായി കിട്ടിയ സന്തോഷത്തിലാണ് കനാല്‍ വാര്‍ഡ് തൈപ്പറമ്പില്‍ വീട്ടില്‍ 96കാരിയായ സരോജിനിയമ്മ പട്ടയ മേളയ്ക്ക് എത്തിയത്. 40 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രയത്‌നത്തിനും ഒടുവില്‍ വിരാമം. എസ് ഡി വി സെന്റിനറി ഹാളില്‍ വെച്ച് നടന്ന പട്ടയ മേളയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണു സരോജിനിയമ്മയ്ക്ക് പട്ടയം നല്‍കിയത്. പട്ടയം വാങ്ങാനായി സ്റ്റേജിലേക്ക് കയറാന്‍ തുടങ്ങിയ സരോജിനിയമ്മയെ താഴേയ്ക്ക് ഇറങ്ങി ചെന്ന് പട്ടയം നല്‍കുകയായിരുന്നു മന്ത്രി. ചവിട്ടി നിന്ന മണ്ണും അന്തിയുറങ്ങിയ വീടും ഇനി നെഞ്ചോട് ചേര്‍ത്ത് അവകാശപ്പെടാം ഇത് 'എന്റെ മണ്ണ് ' 5സെന്റ് ഉള്ള സ്വന്തം ഭൂമിയില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന സ്വപ്നം സത്യമാക്കിയതില്‍ സര്‍ക്കാരിനോടുള്ള നന്ദി പറഞ്ഞറിയിക്കാന്‍ സാധിക്കില്ല എന്ന് സരോജിനിയമ്മ പറഞ്ഞു. 58 വയസുകാരനായ മകനാണ് സരോജിനിയമ്മയ്ക്ക് തണലായുള്ളത്.
മന്ത്രിയില്‍ നിന്ന് നേരിട്ട് പട്ടയം വാങ്ങിയ സരോജിനിയമ്മ ജീവിതത്തിലേയ്ക്ക് തിരികെ നടക്കുക്കയാണ് ആത്മാഭിമാനത്തോടെ. ആലപ്പുഴയില്‍ റവന്യൂ വകുപ്പുുമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വിതരണം ചെയ്തത് 180 പട്ടയങ്ങളും 26 കൈവശാവകാശ രേഖയും. അമ്പലപ്പുഴയില്‍ 37, ചേര്‍ത്തലയില്‍ 56, കുട്ടനാട് 21, ചെങ്ങന്നൂര്‍ 2, മാവേലിക്കര 5, കാര്‍ത്തികപ്പള്ളി 7 എന്നിങ്ങനെ 128 പട്ടയങ്ങളും 52 ദേവസ്വപട്ടയങ്ങളും നല്‍കി. കൂടാതെയാണ് 26 കൈവശാവകാശരേഖയും നല്‍കിയത്. നേരത്തെ നടന്ന പട്ടയ മേളകളിലായി ആകെ 811 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു.

date