Skip to main content

പൊഴുതന കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

    ആര്‍ദ്രം മിഷന്റെ ഭാഗമായി പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ സംസ്ഥാന ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു.  ജില്ലയിലെ മുഴുവന്‍ പ്രാഥമിക ആസ്പത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കെതിരായ പോരാട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി ഇടപെടണം. ആരോഗ്യ ജാഗ്രതാ ക്യാമ്പുകളുടെയും സ്‌ക്വാഡുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ആരോഗ്യ സേന ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് പകര്‍ച്ചവാധികളെ തടയാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അദികൃതരുടെ സഹായത്തോടെ കുടിവെളള സ്രോതസ്സുകള്‍ പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. ക്ഷയം,കുഷ്ഠം എന്നീ രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രവര്‍ത്തികള്‍ ജില്ലയില്‍ സജീവമായി  നടക്കുകയാണെന്നും അവര്‍ പറഞ്ഞു.
    സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ജില്ലാപഞ്ചായത്ത് അംഗം പി.എന്‍ വിമല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക,ഡി.പി.എം ഡോ.ബി അഭിലാഷ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.
   ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ്  പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്. ഇതോടെ കേന്ദ്രത്തില്‍  ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ ഒ.പി സേവനം ലഭിക്കും. 3 ഡോക്ടര്‍മാരും ലാബും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഏറെ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ആരോഗ്യ കേന്ദ്രമായിരുന്നു പൊഴുതനയിലേത്. പ്രധാനകെട്ടിടങ്ങള്‍ പകുതിയോളം വെളളത്തില്‍ മുങ്ങുകയും ചുറ്റുമതില്‍  തകര്‍ന്ന് പോവുകയും ചെയ്തിരുന്നു. വെളളം കയറിയതു മൂലം മരുന്നും ഉപകരണങ്ങളും ഫര്‍ണ്ണീച്ചറുകളും നശിച്ച് ഏറെകാലം ഓഫീസ് വരാന്തയിലാണ് ആസ്പത്രി പ്രവര്‍ത്തിച്ചിരുന്നത്. 40 ലക്ഷം രൂപയോളം ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 20 ലക്ഷം രൂപ പ്രളയനഷ്ടങ്ങള്‍ പരിഹരിക്കാനും 20 ലക്ഷം രൂപ കൂടുംബാരോഗ്യ കേന്ദ്രങ്ങളുടെ മാനദണ്ഡങ്ങളനുസരിച്ചുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവിട്ടു. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

date