Skip to main content

ലൈഫ് മിഷന്‍ ജില്ലാതലസംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി 18 ന്

 

 

കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സമുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാതലസംഗമവും വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ജനുവരി 18 ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലപ്പുഴ TD മെഡിക്കല്‍ കോളേജ് ആഡിറ്റോറിയത്തില്‍വെച്ച് നടക്കും. പൂര്‍ത്തീകരണ പ്രഖ്യാപനം ബഹു. പൊതുമരാമത്ത്, രജഡിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന്‍ നിര്‍വ്വഹിക്കും. 

നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നാല് മിഷനുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് മിഷന്‍. ലൈഫ് മിഷന്‍ കേവലം ഒരു ഭവനപദ്ധതിയല്ല. വീടിനൊപ്പം മാന്യമായ ജീവിതവും വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണിത്. കേരളത്തിലെ എല്ലാ ഭവനരഹിതരേയും, ഭൂരഹിത ഭവനരഹിതരേയും കുറഞ്ഞ നാളുകള്‍ കൊണ്ട് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സാമൂഹ്യ പ്രക്രീയയില്‍ പങ്കാളികളാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളുടേയും പ്രയോജനം ലഭിക്കുന്ന തരത്തില്‍ മാന്യമായ ഭവനങ്ങള്‍ നല്‍കലാണ് ലൈഫ് മിഷനിലൂടെ ലക്ഷ്യമിടുന്നത്.

ലൈഫ് മിഷന്റെ രണ്ടുഘട്ടങ്ങളാണ് ഇതുവരെ പിന്നിട്ടത്. ഒന്നാംഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളില്‍ പൂര്‍ത്തീകരിക്കാതിരുന്ന ഭവനങ്ങളുടെ പൂര്‍ത്തീകരണവും, രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ പൂര്‍ത്തീകരണവുമാണ് ഏറ്റെടുത്തത്.

സംസ്ഥാനത്ത് ഒന്നാംഘട്ടത്തില്‍ 54183 വീടുകളും, ലൈഫ് രണ്ടാംഘട്ടത്തില്‍ 91147 വീടുകളും, പി.എം.എ.വൈ-ലൈഫ്(ഗ്രാമം)-ത്തില്‍ 17471 വീടുകളും,  പി.എം.എ.വൈ-ലൈഫ്(നഗരം)-ത്തില്‍ 75887 വീടുകളും അടക്കം ആകെ 238688 വീടുകളാണ് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തത്. പി.എം.എ.വൈ-ലൈഫ്(ഗ്രാമം)-ത്തില്‍ 72000/- രൂപയാണ് കേന്ദ്രവിഹിതം, പി.എം.എ.വൈ-ലൈഫ്(നഗരം)-ത്തില്‍ 1.5 ലക്ഷം രൂപയും. എന്നാല്‍ സംസ്ഥാനത്ത് എല്ലാ വീടുകള്‍ക്കും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ നല്‍കുന്നു.

സംസ്ഥാനത്ത് ഏറ്റെടുത്ത വീടുകളില്‍ 2 ലക്ഷം വീടുകള്‍ ഈ മാസം പൂര്‍ത്തിയാകും.

ആലപ്പുഴ ജില്ലയിലെ പുരോഗതി ചുവടെ:

 

ഘട്ടം ഏറ്റെടുത്തത് പൂര്‍ത്തീകരിച്ച വീടുകള്‍ ശതമാനം

ഘട്ടം 1 2800 2702 96.50

ഘട്ടം 2 (ലൈഫ്) 9180 7697 83.84

ഘട്ടം2 പി.എം.എ.വൈ-ലൈഫ്(ഗ്രാമം)- 761 710 93.30

ഘട്ടം2 പി.എം.എ.വൈ-ലൈഫ്(നഗരം) 4738 3520 74.29

ആകെ 17479 14629 83.69

 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ 1,2 ഘട്ടങ്ങളിലായി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും ആലപ്പുഴ മുനിസിപ്പാലിറ്റിയാണ്. 2870 വീടുകള്‍ ഏറ്റെടുത്തതില്‍ 2364 വീടുകള്‍ പൂര്‍ത്തീകരണത്തില്‍ എത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും അധികം വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്താണ്. 447 വീടുകള്‍ ഏറ്റെടുത്തതില്‍ 394 വീടുകള്‍ പൂര്‍ത്തീകരിച്ചു.

ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഫ്‌ളാറ്റുകളാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കൂടാതെ 3 സെന്റ് ഭൂമി ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്‍കുന്നുമുണ്ട്. 

സംസ്ഥാനത്ത് 10 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും. ജില്ലയില്‍ ആലപ്പുഴ പറവൂരില്‍ നിര്‍മ്മിക്കുന്ന 165 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയനിര്‍മ്മാണവും ഈ മാസം ആരംഭിക്കും. പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇതുകൂടാതെ ജില്ലയില്‍ 7 പ്ലോട്ടുകള്‍ കൂടി ഭവനസമുച്ചയ നിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.

 

ബ്ലോക്ക്-മുനിസിപ്പല്‍തല സംഗമങ്ങളും, അദാലത്തും

 

വീടിനൊപ്പം ജീവനോപാധിയും, സാമൂഹ്യസുരക്ഷയും ലൈഫ് കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായാണ് ബ്ലോക്ക്/ മുനിസിപ്പല്‍ തലങ്ങളില്‍ കുടുംബസംഗമങ്ങളും അദാലത്തും സംഘടിപ്പിച്ചത്.  11 ബ്ലോക്കുകളിലും 3 മുനിസിപ്പാലിറ്റികളിലും ഇതിനോടകം അദാലത്തുകള്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 17ന് നടക്കും. ആലപ്പുഴ, ഹരിപ്പാട് മുനിസിപ്പാലിറ്റികള്‍, ഹരിപ്പാട് ബ്ലോക്ക് എന്നീ സ്ഥലങ്ങളിലെ അദാലത്തുകള്‍ പിന്നീട് നടക്കും.

ആയിരക്കണക്കിന് കുടുംബങ്ങള്‍ സംഗമങ്ങളില്‍ പങ്കെടുക്കുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി, കുടുംബശ്രീ, ഐ.ടി, ഫിഷറീസ്, തൊഴിലുറപ്പ് പദ്ധതി, വ്യവസായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, ലീഡ്ബാങ്ക്, ക്ഷീരവികസനം, ആരോഗ്യം, റവന്യൂ, ശുചിത്വ മിഷന്‍, വനിതാശിശു വികസനം, ഗ്രാമവികസനം, പബ്ലിക് റിലേഷന്‍സ്, തദ്ദേശസ്ഥാപനങ്ങള്‍, അസാപ്പ്, വ്യവസായ പിശീലനം തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളാണ് അദാലത്തില്‍ ഒരുക്കിയിരുന്നത്.

ജില്ലാതല സംഗമം

 

ലൈഫ് 1,2 ഘട്ടങ്ങളില്‍ പൂര്‍ത്തീകരിച്ച 14629 വീടുകളുടെ പ്രഖ്യാപനമാണ് ജില്ലാതല സംഗമത്തില്‍വെച്ച് നടക്കുന്നത്. യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി കണ്‍വീനര്‍ ജില്ലാ കളക്ടര്‍ ശ്രീമതി. എം. അഞ്ജന സ്വാഗതം ആശംസിക്കും. സംഗമത്തിന്റെ ഉത്ഘാടനവും പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന്‍ നിര്‍വവ്ഹിക്കും. ധനകാര്യ മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് തദ്ദേശസ്ഥാപനങ്ങളെ ആദരിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമന്‍ ഗുണഭോക്താക്കളെ ആദരിക്കും. പ്രതിപക്ഷ നേതാവ് ശ്രീ. രമേഷ് ചെന്നിത്തല നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ആദരിക്കും. ലൈഫ് പദ്ധതിക്ക് മികച്ച പിന്തുണ നല്‍കിയ ജില്ലാതല ഉദ്യോഗസ്ഥരെ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. യു. വി. ജോസ് ആദരിക്കും.

എം.പി.മാരായ ശ്രീ. കൊടിക്കുന്നില്‍ സുരേഷ്, അഡ്വ. എംഎം ആരിഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പി. പി. ഉദയസിംഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

എം.എല്‍.എ.മാരായ ശ്രീ. ആര്‍.രാജേഷ്, അഡ്വ. യു. പ്രതിഭാഹരി, ശ്രീ. സജി ചെറിയാന്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ജില്ലയിലെ തദ്ദേസസ്ഥാപന മേധാവികള്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ.ആര്‍. ദേവദാസ് കൃതജ്ഞത രേഖപ്പെടുത്തും.

 

 

 

സംഘാടകസമിതിക്കുവേണ്ടി,

 

ജി. വേണുഗോപാല്‍ (ചെയര്‍മാന്‍)

എം. അഞ്ജന ഐ.എ.എസ് (കണ്‍വീനര്‍)

date