Skip to main content

ചിക്കന്‍പോക്സിനെതിരെ ജാഗ്രത പാലിക്കണം-ആരോഗ്യ വകുപ്പ്

 

 

ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ചിക്കന്‍പോക്സ് റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്സിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സങ്കീര്‍ണ്ണമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കന്‍പോക്സ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കള്‍ (വൈറസ്) പുറത്തുവരുന്നത്. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും വൈറസുകള്‍ മറ്റുളളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു.

 

അതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.രോഗിയുമായുളള സമ്പര്‍ക്കം നിയന്ത്രിക്കുക. ഒരിക്കല്‍ രോഗംവന്നയാള്‍ക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്.

 

രോഗിയെ നല്ലവായുസഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കാന്‍ അനുവദിക്കുക, വ്യക്തിശുചിത്വം പാലിക്കുക. രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെളളവും നല്‍കുക. രോഗി പൂര്‍ണ്ണ വിശ്രമമെടുക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന്കഴിക്കുകയും വേണം. ചികിത്സക്കുളള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. രോഗാരംഭത്തില്‍ തന്നെ മരുന്ന് കഴിച്ചാല്‍ രോഗം സങ്കീര്‍ണ്ണമാകുന്നത് തടയാം. ഒരുവീട്ടില്‍ ഒരാള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടാലുടനെ മറ്റുളളവരെ ബന്ധുവീടുകളിലേക്ക് മാറ്റുന്നത് രോഗം കൂടുതല്‍ ആളുകളിലേക്ക് പടരുന്നതിന് കാരണമാവും. പനി, ശരീരവേദന, ശരീരത്തില്‍കുമിളകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണം പ്രകടമാവുന്നതിനു മുന്‍പും ലക്ഷണങ്ങള്‍ തുടങ്ങി നാല് - അഞ്ച് ദിവസം വരെയുമാണ് രോഗം മറ്റുളളവരിലേക്ക് പകരുന്നത്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗംവന്നാല്‍ സ്വയംചികിത്സ നടത്താതെ അടുത്തുളള സര്‍ക്കാര്‍ആശുപത്രിയില്‍ ചികിത്സതേടണമെന്ന് ഡി.എം.ഒ അറിയിച്ചു.

date