Skip to main content

കായല്‍ സംരക്ഷണ പദ്ധതി; അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയയാളെ പിടികൂടി

 

 

ആലപ്പുഴ: കേരള ഫിഷറീസ് വകുപ്പ് വേമ്പനാട് കായലിലെ മത്സ്യസമ്പത്ത്, കക്കാ സമ്പത്ത് എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയില്‍ അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയ ഒരു മത്സ്യത്തൊഴിലാളിയെ പോലീസ് പിടികൂടി. മത്സ്യത്തൊഴിലാളികളുടെയും, കക്കാത്തൊഴിലാളികളുടെയും വരുമാനം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വേമ്പനാട് കായലിന്‍റെ വിവിധ ഭാഗങ്ങളിലായി 14 മത്സ്യസങ്കേതങ്ങളും, 14 കക്കാ പുനരുജ്ജീവന യൂണിറ്റുകളുമാണ് ഈ വര്‍ഷം ജില്ലയില്‍ നടപ്പാക്കുന്നത്.

മണ്ണഞ്ചേരി പഞ്ചായത്തില്‍ അമ്പലക്കടവിനടുത്ത് സ്ഥാപിച്ച മത്സ്യസങ്കേതത്തില്‍ കഴിഞ്ഞ നവംബര്‍ മാസം 19 -ാം തിയതി മത്സ്യ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ റിങ്ങുകളും പൈപ്പുകളും നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച മത്സ്യസങ്കേതത്തിലാണ് ഇയാള്‍ അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയത്. ഇങ്ങനെ മത്സ്യസങ്കേതങ്ങളില്‍ അതിക്രമിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയക്ടര്‍ അറിയിച്ചു.

date