Skip to main content

എല്ലാ സ്‌കൂളിലും ഗണിത ലാബ് ഒരുക്കിയ ആദ്യ ബ്ലോക്കായി ആര്യാട്

 

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികള്‍ക്കിനി കണക്കിനോട് പേടി വേണ്ട. കുട്ടികളില്‍ ഗണിതാവബോധം വളര്‍ത്തുന്നതിനായി ആവിഷ്‌കരിച്ച 'ഗണിതം മധുരം' പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ എല്‍.പി- യു.പി സ്‌കൂളുകളിലും ഗണിത ലാബ് ഒരുക്കിയിരിക്കുകയാണ് ആര്യാട് ബ്ലോക്ക്പഞ്ചായത്ത് അധികൃതര്‍. ഇതോടെ എല്ലാ സ്‌കൂളിലും ഗണിത ലാബ് ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക്പഞ്ചായത്തായി ആര്യാട് മാറി.

കൂട്ടലും കിഴിക്കലും ഹരിക്കലും ഗുണിക്കലുമടക്കം വിവിധ കളികളിലൂടെ ഗണിതാവബോധം കുട്ടികളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഗണിത ലാബ് ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ബ്ലോക്കിന്റെ പരിധിയിലുള്ള 23 സ്‌കൂളുകളിലും ഗണിത ലാബ് ഒരുക്കിയിരിക്കുന്നത്.
പ്രദേശത്തെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഗണിത അധ്യാപകരെ പങ്കെടുപ്പിച്ച്  നടത്തിയ രണ്ട് ദിവസത്തെ വര്‍ക്‌ഷോപ്പിലാണ് ഗണിത ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്. ഉപകരണങ്ങളും അവ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഗണിത ലാബുകളുടെ ഉദ്ഘാടനം പൊള്ളേതൈ ഗവ.ഹൈസ്‌കളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജയന്‍ തോമസ് പദ്ധതി വിശദീകരിച്ചു. അഡ്വ.കെ.ടി മാത്യൂ, ലീലാമ്മ ജേക്കബ്, വി.വി മോഹന്‍ദാസ്, പി.ഡി അന്നമ്മ, കെ.ബി ബിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി സ്‌നേഹജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date