തവനൂരില്‍ അസാപ് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നു ശിലാസ്ഥാപനം നാളെ മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ അഡീഷനല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമിന് ജില്ലയിലെ തവനൂരില്‍ കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുങ്ങുന്നു. വെള്ളാഞ്ചേരി സര്‍ക്കാര്‍ യു.പി സ്‌കൂളിന്റെ അധീനതയിലുള്ള 1.50 ഏക്കര്‍ സ്ഥലത്താണ് അസാപ്പിന് കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുങ്ങുന്നത്. സ്‌കീല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം നാളെ(ജനുവരി 18) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. തവനൂര്‍ മദിരശ്ശേരിയില്‍ വൈകീട്ട് നാലിനാണ് ശിലാസ്ഥാപന ചടങ്ങ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട 16 സ്‌കില്‍ പാര്‍ക്കുകളിലൊന്നാണ് തവനൂരില്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒന്‍പത് സ്‌കില്‍ പാര്‍ക്കുകള്‍ വിവിധ ജില്ലകളില്‍ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഇനി ഏഴ് സ്‌കില്‍ പാര്‍ക്കുകളാണ് വിവിധ ജില്ലകളില്‍ സ്ഥാപിക്കാനുള്ളത്. മികച്ച കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് സ്‌കില്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്.
- Log in to post comments