Skip to main content

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം:  പരിശോധന കര്‍ശനമാക്കി ഏഴ് കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

 

ജില്ലയിലെ കടകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അമിതവില ഈടാക്കല്‍, അളവിലെ കൃത്രിമം എന്നിവ കണ്ടെത്തുന്നതിനായി ജില്ലാതല സംയുക്ത പരിശോധന സ്‌ക്വാഡ് പരിശോധന ശക്തമാക്കി. സിവില്‍ സപ്ലൈസ് വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പ് തുടങ്ങിയവര്‍ സംയുക്തമായാണ് ജില്ലയിലെ പൊതുവിപണികളിലും റേഷന്‍ കടകളിലും പെട്രോള്‍ പമ്പിലും പരിശോധന നടത്തിയത്.  ഏഴ് കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.ടി ജെയിംസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ അബ്ദുള്‍ കരീം, കെ.വാസുദേവന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍മാരായ ആര്‍.ശരണ്യ, ആര്‍.ഹേമ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ മോഹനന്‍, കെ.സുനില്‍ ദത്ത്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് എ.കെ രജീഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംയുക്ത സ്‌ക്വാഡാണ് പൊതുവിപണികളിലും പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തിയത്.
അസിസ്റ്റന്റ് കലക്ടര്‍ രാജീവ് ചൗധരിയുടെ നേതൃത്വത്തില്‍  ഐസ്‌ക്രീം നിര്‍മ്മാണ യൂനിറ്റ്, ഐസ് പ്ലാന്റ്, മത്സ്യ-മാംസവില്‍പ്പനശാലകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ പരിശോധിച്ചു.  പരിശോധനയില്‍ ലഭിച്ച സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വി.ആര്‍ സുധീര്‍ രാജ്, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ മുഹമ്മദ് മുസ്തഫ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
ത്രാസുകള്‍ സീല്‍ ചെയ്യാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. വൃത്തിഹീനമായ നിലയിലും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ചിരുന്ന കോഴിയിറച്ചി വില്‍പ്പനശാലകള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നല്‍കി. ക്രമക്കേടുകള്‍ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. പരിശോധനകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ഊര്‍ജ്ജിതമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date