Skip to main content

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജീവിതം സുരക്ഷിതമാക്കുക  സര്‍ക്കാര്‍ ലക്ഷ്യം: വീണാ ജോര്‍ജ് എം.എല്‍.എ

  വീട് നിര്‍മിച്ചു നല്‍കുന്നതോടൊപ്പം ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ അവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കി അവരെ മികച്ച രീതിയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുവാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. 

പന്തളം ബ്ലോക്കിനു കീഴില്‍ ആദ്യ രണ്ടു ഘട്ടങ്ങളിലായി 290 വീടുകള്‍ ലൈഫ് പദ്ധതി വഴി പൂര്‍ത്തിയാക്കി. മൂന്നാം ഘട്ടത്തില്‍ 93 ഭവനരഹിതരെ കണ്ടെത്തി. ഇവര്‍ക്കായി മെഴുവേലി പഞ്ചായത്തില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളും ജില്ലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

  ലൈഫ് മിഷന്‍, പി.എം.എ.വൈ ഭവനനിര്‍മാണപദ്ധതി പ്രകാരം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളില്‍ അര്‍ഹരായവര്‍ക്കു സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തിരുത്തലുകള്‍, റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യല്‍, പുതിയ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ്, തിരുത്തലുകള്‍, തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തവും, തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സൊസൈറ്റികളുടെ അംഗമാക്കല്‍, പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ പരിചയപ്പെടുത്തല്‍, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സൗജന്യ വൈദ്യപരിശോധന, ജീവിതശൈലി രോഗ ബോധവത്കരണ ക്ലിനിക്കുകള്‍, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, സാക്ഷ്യപത്ര വിതരണം, മാലിന്യ സംസ്‌കരണ ബോധവത്കരണം എന്നിവ ലൈഫ് കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തി.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറന്മുള, മെഴുവേലി, പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷാ പുരുഷോത്തമന്‍, എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്, ജയന്തി കുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ്‌കുമാര്‍, ജില്ലാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പിങ്കി ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ തങ്കമ്മ ടീച്ചര്‍, ജോണ്‍സണ്‍ ഉള്ളന്നൂര്‍, വിലാസിനി ടീച്ചര്‍, തോമസ് വര്‍ഗീസ്, രഘു പെരുംപുളിയ്ക്കല്‍, എന്‍.എസ് കുമാര്‍, ശാന്തകുമാരി ടീച്ചര്‍, കെ. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോര്‍ജ്, ജില്ലാ ദാരിദ്ര ലഘുകരണ വിഭാഗം പ്രൊജക്ട് സായറക്ടര്‍ എന്‍.ഹരി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.ബി വിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date