ലൈഫ് ഭവന പദ്ധതി: പെരിന്തല്‍മണ്ണ നഗരസഭയില്‍ 451 കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നു പെരിന്തല്‍മണ്ണ നഗരസഭയില്‍ ലൈഫ്-പിഎംഎവൈ ഭവന പദ്ധതി
യില്‍ വീടുപണി പൂര്‍ത്തിയാക്കിയ 451 കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കാനുള്ള പ്രത്യേക അദാലത്തും സംഗമത്തിന്റെ ഭാഗമായി നടന്നു. പെരിന്തല്‍മണ്ണ എം.യു.എം ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമവും അദാലത്തും നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
മൂന്നുഘട്ടങ്ങളിലായി 1,716 ഗുണഭോക്താക്കളാണ് പദ്ധതിയുടെ ഭാഗമായത്. പദ്ധതിക്കായി 26 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ നഗരസഭ ചെലവഴിച്ചു. ഇതില്‍ 451 ഗുണഭോക്താക്കളാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അടുത്ത ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തവരുടേത് പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ് ചടങ്ങില്‍ അധ്യക്ഷയായി. നഗരസഭ സെക്രട്ടറി മുഹമ്മദ് സജീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കീഴിശ്ശേരി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, താമരത്ത് ഉസ്മാന്‍, വില്ലേജ് ഓഫീസര്‍ ഹംസ,പട്ടികജാതി സൊസൈറ്റി ഡയറക്ടര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ തലത്തിലുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക അദാലത്തും സംഗമത്തിന്റെ ഭാഗമായി നടന്നു. ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമാണ് അദാലത്തിന്റെ ഭാഗമായത്. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ക്ക് തുണിസഞ്ചികളും വിതരണം ചെയ്തു.
- Log in to post comments